Kottayam Woman Murder: സാമിന്റെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തു; പിന്നാലെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി
Kottayam Woman Murder: യുവതിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയിൽ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാൾ വീട്ടിൽ വന്നതിനെച്ചൊല്ലി ഒരാഴ്ച മുൻപ് വഴക്ക് നടന്നിരുന്നതായും പോലീസ് പറയുന്നു.
കോട്ടയം: കോട്ടയം കുറവിലങ്ങാട് നിന്ന് കാണാതായ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുറവിലങ്ങാട് സ്വദേശി ജെസി സാമിനെയാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍ നിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ജെസിയുടെ ഭര്‍ത്താവ് സാം കെ. ജോർജിനെ (54) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഐടി പ്രൊഫഷണലായ സാം എംജി യൂണിവേഴ്സിറ്റി ക്യാംപസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സും പഠിക്കുന്നുണ്ട്. ഇവിടെ വച്ച് ഒരു ഇറാനിയൻ
യുവതിയുമായി സൗഹൃദത്തിലായി. യുവതിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയിൽ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാൾ വീട്ടിൽ വന്നതിനെച്ചൊല്ലി ഒരാഴ്ച മുൻപ് വഴക്ക് നടന്നിരുന്നതായും പോലീസ് പറയുന്നു.
Also Read:കോട്ടയത്തുനിന്ന് കാണാതായ 50-കാരി കൊല്ലപ്പെട്ടനിലയില്‍; മൃതദേഹം അഴുകിയ നിലയിൽ
കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു ജെസിയെ കുറവിലങ്ങാട്ടുനിന്ന് കാണാതായത്. പിന്നാലെ നടത്തിയ പരിശോധനയിൽ ഇന്നലെയാണ് ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്ന് മൃതദേഹം ലഭിച്ചത്. പിന്നാലെ ജെസിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്ന് ഇയാൾ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച സാം ജെസിയെ കാണക്കാരിയിലെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയിൽ തള്ളുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നുവരികയാണ്. ഒരുവീട്ടിലാണ് താമസമെങ്കിലും ഇവര്‍ അകന്നുകഴിയുകയായിരുന്നു.