Exhibitionism In Front of Girl: പാലക്കാട് 16കാരിക്ക് മുന്നിൽ ലൈംഗിക പ്രദർശനം; യുവാവിന് നാല് വർഷം തടവും പിഴയും
Man Sentenced for Exhibitionism in Front of Girl in Palakkad: രാത്രി അമ്മയോടൊപ്പം വീടിന് പുറത്ത് വന്ന കുട്ടിയുടെ മുമ്പിൽ മതിലിന് മുകളിൽ കയറി നിന്ന ശേഷം പ്രതി ലൈംഗിക പ്രദർശനം നടത്തി എന്നാണ് പരാതി.
പാലക്കാട്: 16കാരിയായ പെൺകുട്ടിയുടെ മുന്നിൽ ലൈംഗിക പ്രദർശനം നടത്തിയ യുവാവിന് നാല് വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. പുതുക്കോട് തൊന്തി ഹൗസിൽ നിജ്ജമുദീൻ എന്ന 27കാരനെ ആണ് കോടതി ശിക്ഷിച്ചത്. ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സന്തോഷ് കെ വേണു ആണ് കേസിൽ വിധി പറഞ്ഞത്.
പ്രതി പിഴത്തുകയായി കെട്ടിവയ്ക്കുന്ന തുകയിൽ നിന്ന് 50 ശതമാനം അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാതെ വന്നാൽ നാല് മാസം അധികം തടവ് അനുഭവിക്കണം. 2024 മെയ് 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം രാത്രി വീടിന് പുറത്ത് വന്ന കുട്ടിയുടെ മുമ്പിൽ മതിലിന് മുകളിൽ കയറി നിന്ന ശേഷം പ്രതി ലൈംഗിക പ്രദർശനം നടത്തി എന്നാണ് പരാതി.
വടക്കഞ്ചേരി ഇൻസ്‌പെക്ടർ കെ പി ബെന്നി ആണ് പരാതിയിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സിപിഒ ദിവ്യ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ ടി എസ് ബിന്ദു നായർ ആണ്. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് സിപിഒ നിഷ മോൾ ആണ്.
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ പകർത്തി ടെലിഗ്രാമിന് വിറ്റ വിദ്യാർത്ഥി അറസ്റ്റിൽ
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി വിറ്റ കേസിൽ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥി അറസ്റ്റിൽ. തിക്കോടി സ്വദേശിയായ ആദിത്യ ദേവിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യമായി ചിത്രങ്ങൾ പകർത്തിയ ശേഷം സമൂഹ മാധ്യമമായ ടെലിഗ്രാമിന് വിറ്റു എന്നതാണ് പരാതി. കസബ പൊലീസാണ് വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്.
ക്ലാസ് മുറികളിൽ വെച്ചാണ് ആദിത്യ ദേവ് അധ്യാപകരുടെയും സഹപാഠികളുടെയും ശരീര ഭാഗങ്ങളുടെ ദൃശ്യം രഹസ്യമായി പകർത്തിയത്. തുടർന്ന് ഈ ചിത്രങ്ങൾ ടെലഗ്രാമിലൂടെ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവം മറ്റ് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപെട്ടതോടെ അവർ കോളേജ് അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് കോളേജ് മാനേജ്‌മെന്റ് കസബ സ്റ്റേഷനിലും കോഴിക്കോട് സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കസബ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു.