Manjeri Medical College: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു; നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പരിക്ക്
Manjeri Medical College: മെഡിക്കൽ കോളേജിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനൽ ആണ് അടർന്ന് വീണത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
മലപ്പുറം: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളജ് കെട്ടിടത്തിൻ്റെ ജനൽ അടർന്നു വീണ് അപകടം. 2 നഴ്‌സിങ് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
മെഡിക്കൽ കോളേജിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്പ് ജനൽ ആണ് അടർന്ന് വീണത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കാറ്റിൽ ഇരുമ്പ് ജനൽ പാളി അടർന്ന് വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
ജൂലൈ ആദ്യ ആഴ്ചയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടഭാഗം ഇടിഞ്ഞ് വീണു ഒരാൾ മരിച്ചിരുന്നു. തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ബിന്ദു.
സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയർന്നത്. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. മകന് സർക്കാർ ജോലി നൽകും. കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും ക്യാബിനറ്റ് യോഗം തീരുമാനിച്ചു.