Kottayam Robbery: കണ്ണിൽ മുളകുസ്പ്രേയടിച്ച് മോഷണം; ഏറ്റുമാനൂരിൽ അതിഥിത്തൊഴിലാളികളെ ബന്ദികളാക്കി വൻ കവർച്ച
Kottayam Robbery At Migrant Workers Camp: അർധരാത്രി ക്യാംപിലേക്ക് ഇരച്ചുകയറിയ 15 അംഗ മുഖംമൂടി സംഘമാണ് മോഷണം നടത്തിയത്. 33 തൊഴിലാളികളുടെ കഴുത്തിൽ വടിവാൾ വച്ച് മൊബൈൽ ഫോണുകളും ഒരു ലക്ഷത്തോളം രൂപയും എടിഎം കാർഡുകളും സംഘം കവർന്നതായാണ് വിവരം. ശനിയാഴ്ച അർധരാത്രി 12.30ന് ആയിരുന്നു സംഭവം. സംഭവത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്.
കോട്ടയം: ഏറ്റുമാനൂർ പേരൂർ പൂവത്തുംമൂട് അരയിരംപടിക്കു സമീപം സിനിമാ സ്റ്റൈൽ മോഷണം. അതിഥിത്തൊഴിലാളികളുടെ ക്യാമ്പിലാണ് വൻ മോഷണം നടന്നത്. ഇവരെ ബന്ദികളാക്കി അർധരാത്രി ക്യാംപിലേക്ക് ഇരച്ചുകയറിയ 15 അംഗ മുഖംമൂടി സംഘമാണ് മോഷണം നടത്തിയത്. 33 തൊഴിലാളികളുടെ കഴുത്തിൽ വടിവാൾ വച്ച് മൊബൈൽ ഫോണുകളും ഒരു ലക്ഷത്തോളം രൂപയും എടിഎം കാർഡുകളും സംഘം കവർന്നതായാണ് വിവരം. ശനിയാഴ്ച അർധരാത്രി 12.30ന് ആയിരുന്നു സംഭവം.
ഹെൽമറ്റും മാസ്ക്കും ധരിച്ചെത്തിയ മുഖംമൂടി സംഘം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തു. വടിവാളുകൊണ്ട് മുറിവേൽപിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇവരുടെ എടിഎം പിൻ നമ്പറുകൾ തൊഴിലാളികളിൽ നിന്ന് എഴുതിവാങ്ങിയത്. കവർച്ച അവസാനിക്കുന്നതുവരെ ഒരു സംഘം അക്രമികൾ ക്യാംപിന്റെ വിവിധ ഭാഗങ്ങളിൽ കാവൽ നിൽക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ തൊഴിലാളികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് മടങ്ങിയത്.
ALSO READ: വീണ്ടും യാക്കോബായ – ഓർത്തഡോക്സ് സംഘർഷം; സംഭവം പിറമാടം പള്ളിയിൽ , ഇടപെട്ട് പോലീസ്
സംഭവത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ക്യാമ്പിൽ നിന്ന് 15 മൊബൈൽ ഫോണുകൾ നഷ്ടമായെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. പൂവത്തുംമൂട് – സംക്രാന്തി റോഡരികിലാണ് നിർമാണത്തൊഴിലാളികളായ അസം സ്വദേശികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്നത്. ഒരു ഓട്ടോറിക്ഷയിലും അഞ്ച് ബൈക്കുകളിലുമായാണ് അക്രമിസംഘം ക്യാമ്പിന് അരികിലേക്ക് എത്തിയതെന്നാണ് വിവരം. ഷീറ്റ് കൊണ്ടുള്ള ഗേറ്റിന് അടിയിലൂടെ അക്രമികളിലൊരാൾ നുഴഞ്ഞുകയറി ഗേറ്റ് മറ്റുള്ളവർക്ക് തുറന്നു കൊടുക്കുകയായിരുന്നു. തുടർന്ന് 8 പേർ മാകരായുധങ്ങളുമായി ക്യാംപിലേക്ക് ഇരച്ചുകയറി.
ക്യാംപിനുള്ളിൽ കയറിയ അക്രമികൾ വടിവാൾ വീശുകയും തൊഴിലാളികളെ മർദിക്കുകയും ചെയ്തു. ക്യാംപിൽ നിന്നു കിട്ടിയ മൺവെട്ടി, പിക്കാസ്, കത്രിക, കത്തി എന്നിവയും വടിവാളും ഉപയോഗിച്ചും അക്രമികൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണയായി ശനിയാഴ്ചയാണ് തൊഴിലാളികൾക്ക് പണിക്കൂലി കിട്ടുന്നത്. ഇത് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ലഹരിസംഘങ്ങൾ, മറ്റ് അതിഥിത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും സർക്കാരിൻ്റെ സുരക്ഷ ആവശ്യമുള്ളവരുമായ സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചിരിക്കുന്ന വനിതാ, ബാലിക, ശിശു സംരക്ഷണകേന്ദ്രത്തിന് സമീപമാണ് അതിഥിത്തൊഴിലാളി ക്യാംപുള്ളത്. ഒരു വർഷമായി ഇവിടെ ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. തകരഷീറ്റ് കൊണ്ട് മറച്ച ഷെഡിലാണ് ഇവർ താമസിക്കുന്നത്. ഇതിനടിയിലൂടെ നുഴഞ്ഞാണ് അക്രമികൾ അകത്തുകടന്നത്. 15 പേരടങ്ങുന്ന സംഘം ഒരു മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൊഴിലാളികൾ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. എന്നിട്ടും സംഭവം പുറംലോകമറിയുന്നത് ഇന്നലെ രാവിലെയോടെയാണ്.
English Summary:
Masked Gang Robbery in Migrant Workers camp at Kottayam Ettumanoor Poovathumood. Police registered case and probe announced. Check the news update.