Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
MEDISEP Phase 2 from February 1: പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കുമായി 365 ദിവസവും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ത്രിതല പരാതി പരിഹാര സംവിധാനവും നിലവിൽ വരും. പ്രായപരിധിയില്ലാതെ തന്നെ ആശ്രിതർക്ക് പദ്ധതിയിൽ തുടരാം.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്’ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പരിരക്ഷാ തുക വർദ്ധിപ്പിച്ചും കൂടുതൽ ചികിത്സാ പാക്കേജുകൾ ഉൾപ്പെടുത്തിയും കൂടുതൽ ജനകീയമായാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതലയെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്നു ലക്ഷത്തിൽ നിന്നും അഞ്ചു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. അതായത് പ്രതിമാസം 687 രൂപയാക്കി.
നിലവിലുള്ള 1,920 പാക്കേജുകൾ എന്നത് 2,516 ആയി വർദ്ധിപ്പിച്ചു. മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇനി സ്വകാര്യ ആശുപത്രികളിലും ലഭ്യമാകും.
പുതുക്കിയ സൗകര്യങ്ങൾ
- എംപാനൽ ചെയ്ത ആശുപത്രികളിൽ കിടത്തി ചികിത്സ പൂർണ്ണമായും ക്യാഷ്‌ലെസ് ആയിരിക്കും. മുറി വാടക പ്രതിദിനം 5,000 രൂപ വരെയും (സർക്കാർ പേ വാർഡുകൾക്ക് 2,000 രൂപ) അനുവദിക്കും.
- ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ലളിതമായ ചികിത്സാ രീതി ഉറപ്പാക്കും.
- ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, ജിപ്മർ എന്നിവിടങ്ങളിലെ ചികിത്സയ്ക്കും അടിയന്തര സാഹചര്യങ്ങളിൽ (അപകടം, ഹൃദയാഘാതം) എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ തേടുന്ന ചികിത്സയ്ക്കും പണം തിരികെ ലഭിക്കും.
- അതീവ ഗുരുതരമായ പത്ത് അവയവ മാറ്റ ശസ്ത്രക്രിയകൾക്കുള്ള അധിക പരിരക്ഷ തുടരും. ഇതിനായി 40 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
പരാതി പരിഹാരവും സേവനവും
പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കുമായി 365 ദിവസവും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ത്രിതല പരാതി പരിഹാര സംവിധാനവും നിലവിൽ വരും. പ്രായപരിധിയില്ലാതെ തന്നെ ആശ്രിതർക്ക് പദ്ധതിയിൽ തുടരാം.
രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ചികിത്സാ പാക്കേജ് നിരക്കിൽ 5 ശതമാനം വർദ്ധനവ് അനുവദിക്കാനും സർക്കാർ ഇൻഷുറൻസ് കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്.