Kerala Private Buses: വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയോ മോശമായി പെരുമാറുകയോ ചെയ്യരുത്; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് മന്ത്രിയുടെ മുന്നറിയിപ്പ്
Minister V Sivankutty Warns Private Buses: കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ചേറ്റുവ ജിഎംയുപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേറ്റുവ: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചേറ്റുവ ജിഎംയുപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യരുത്. അത്തരത്തിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ഇതിനോടകം 5,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.
“സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു.” എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.