Kottayam Lovers death: കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ
Missing Woman and Youth Found Dead at Kottayam: "ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്തതിനാൽ മരിക്കുന്നു" എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് മുറിയിൽ നിന്ന് കണ്ടെടുത്തു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നേരത്തെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു

പ്രതീകാത്മക ചിത്രം
കോട്ടയം: നഗരമധ്യത്തിലെ ശാസ്ത്രി റോഡിലുള്ള ലോഡ്ജിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശിനി ആസിയ തസനിം ( 19 ), പുതുപ്പള്ളി സ്വദേശി നന്ദകുമാർ ( 23 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെപ്പറ്റിഅധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച വൈകിയും മുറി തുറക്കാത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ ആശങ്കയിലായി. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ വാതിൽ പൊളിച്ചപ്പോഴാണ് ഇരുവരെയും ഒരേ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
“ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്തതിനാൽ മരിക്കുന്നു” എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് മുറിയിൽ നിന്ന് കണ്ടെടുത്തു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നേരത്തെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു എന്നാണ് വിവരം. കോട്ടയം വെസ്റ്റ് എസ്. എച്ച്. ഒ എം. ജെ. അരുണിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.