Kerala Local Body Election Result 2025: ഇടതു കോട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് യുഡിഎഫ്; ‘ഞെട്ടിക്കല്‍’ തിരിച്ചടിയില്‍ പകച്ച് എല്‍ഡിഎഫ്; ‘സ്വര്‍ണപാളി’യില്‍ എല്ലാം പാളി
LDF Faces Setback as UDF Gains in Kerala Local Body Elections 2025: 'എല്‍ഡിഎഫിന്റെ തളര്‍ച്ച, യുഡിഎഫിന്റെ തിരിച്ചുവരവ്, എന്‍ഡിഎയുടെ വളര്‍ച്ച' എന്ന ഒറ്റ വരികൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിക്കാം. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന പ്രതിപക്ഷ വാദത്തിന് ഇനി കഴമ്പേറും
സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം അടിപതറിയതാണ് ഇടതുമുന്നണിയുടെ അനുഭവം. ചേലക്കരയിലൊഴികെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം തോറ്റു. എന്നാല്‍ തോറ്റ മണ്ഡലങ്ങളെല്ലാം യുഡിഎഫ് ശക്തികേന്ദ്രങ്ങളാണെന്നും പറഞ്ഞ് ഇടതുമുന്നണി തടിതപ്പി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാണം കെട്ടപ്പോള്‍, പാര്‍ലമെന്റ് ഇലക്ഷന്‍ പലപ്പോഴും യുഡിഎഫിന് അനുകൂലമാണെന്ന വാദഗതി അവിടെയും നിരത്തി. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിലെ ‘ഞെട്ടിക്കുന്ന’ തോല്‍വിയില്‍ ഈ ന്യായവാദങ്ങളൊന്നും നിരത്താന്‍ ഇടതുപക്ഷത്തിനാകില്ല. ‘എല്‍ഡിഎഫിന്റെ തളര്‍ച്ച, യുഡിഎഫിന്റെ തിരിച്ചുവരവ്, എന്‍ഡിഎയുടെ വളര്‍ച്ച’ എന്ന ഒറ്റ വരികൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ വിശേഷിപ്പിക്കാം.
എത്രയൊക്കെ അട്ടിമറികള്‍ സംഭവിച്ചാലും നില ഭദ്രമെന്ന് കരുതിയിടത്താണ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ആഘാതം ഇടതുക്യാമ്പിന് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം വ്യക്തമാക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങള്‍. ആത്മവിശ്വാസത്തോടെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിന് കരുത്ത് പകരുന്നതും, ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന തിരിച്ചറിവ് ഇടതുപക്ഷത്തിന് നല്‍കുന്നതുമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം. മികച്ച പ്രകടനം നടത്താനായതില്‍ എന്‍ഡിഎയ്ക്കും ആശ്വസിക്കാം. നഷ്ടം സംഭവിച്ചത് ഇടതുപക്ഷത്തിന് മാത്രം.
സംസ്ഥാനത്ത് പ്രകടമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന പ്രതിപക്ഷ വാദത്തിന് ഇനി കഴമ്പേറും. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം പരസ്യമായി അംഗീകരിച്ചില്ലെങ്കില്‍ പോലും രഹസ്യമായാണെങ്കിലും ഇടതുപക്ഷവും അംഗീകരിക്കും. ഇതിനുപുറമെ, ശബരിമല സ്വര്‍ണപാളി വിവാദവും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി. തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കത്തിനിന്നെങ്കിലും അത് ഐക്യജനാധിപത്യമുന്നണിക്ക് കാര്യമായ പോറല്‍ ഏല്‍പിച്ചില്ല.
കോര്‍പറേഷനുകളിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
2020ല്‍ സംസ്ഥാനത്തെ ആറു കോര്‍പറേഷനുകളില്‍ അഞ്ചിലും ചെങ്കൊടിയാണ് പാറിയത്. ഇതില്‍ നാല് കോര്‍പറേഷനുകളിലും ഭരണം നിലനിര്‍ത്താനാകുമെന്നായിരുന്നു ഇടതുപ്രതീക്ഷ. എന്നാല്‍ കൊല്ലത്ത് പോലും സംഭവിച്ച രാഷ്ട്രീയ അട്ടിമറി എല്‍ഡിഎഫിനെ തളര്‍ത്തി. കൊല്ലത്തിനൊപ്പം കൊച്ചിയും, തൃശൂരും ‘കൈ’ പിടിച്ചു.
കൂടാതെ കണ്ണൂരും യുഡിഎഫ് തേരോട്ടം തുടര്‍ന്നു. തിരുവനന്തപുരത്ത് എന്‍ഡിഎ ഐതിഹാസിക ജയം നേടി. കോഴിക്കോടും ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത്. ഒരേയൊരു കോര്‍പറേഷനില്‍ മാത്രമായി ഇടതുഭരണം ചുരുങ്ങുമെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും ചിന്തിച്ചുകാണില്ല. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് അവര്‍ക്ക് ലഭിച്ചത്.
ജില്ലാപഞ്ചായത്തില്‍ സമാസമം
നിയമസഭ തിരഞ്ഞെടുപ്പിന്റെ നേര്‍ക്കാഴ്ചയായാണ് ജില്ലാ പഞ്ചായത്തിലെ ഫലങ്ങളെ നോക്കിക്കാണുന്നത്. കഴിഞ്ഞ തവണ 11 ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിയുടെ തേരോട്ടമായിരുന്നു. ജില്ലാ പഞ്ചായത്തിലെ അന്തിമ ചിത്രം ഇനിയും പുറത്തുവരുന്നതേയുള്ളൂ. നിലവില്‍ ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ വീതം ഇരുമുന്നണികളും ലീഡ് ചെയ്യുന്നു.
മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് വിജയഗാഥ
2020ലെ എല്‍ഡിഎഫ് തരംഗത്തിലും മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുമുന്നണികളും 42 മുനിസിപ്പാലിറ്റികളില്‍ വീതം ജയിച്ചു. രണ്ടിടത്ത് എന്‍ഡിഎയ്ക്കായിരുന്നു ജയം. ഇത്തവണ എല്‍ഡിഎഫ് ജയം 28 ഇടത്തായി മാത്രം ചുരുങ്ങി. 54 മുനിസിപ്പാലിറ്റികളാണ് യുഡിഎഫിനൊപ്പം നിന്നത്. എന്‍ഡിഎ രണ്ടിടത്തും ജയിച്ചു.
ബ്ലോക്കിലും രക്ഷയില്ല
2020ല്‍ 111 ബ്ലോക്ക് പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്. 40 ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമായിരുന്നു യുഡിഎഫിന്റെ ജയം. ഇത്തവണയും ബ്ലോക്ക് പഞ്ചായത്തുകളിലെ ആദ്യ സൂചനകള്‍ ഇടതുമുന്നണിക്കൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. നിലവില്‍ 77 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫിന്റെ ലീഡ് 67 ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമായി ഒതുങ്ങി.
ഗ്രാമവും ഒപ്പമില്ല
ആദ്യ ഫലസൂചനകളില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഇടത് തേരോട്ടമായിരുന്നു. പ്രത്യേകിച്ചും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍. എന്നാല്‍ ഇവിഎം വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ യുഡിഎഫ് സുനാമി പോലെ ആഞ്ഞടിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 499 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. 343 ഗ്രാമപഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന്റെ ലീഡ്. 24 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. 2020ല്‍ 580 ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിയായിരുന്നു വിജയിച്ചത്.