Thrissur ATM Robbery: തൃശൂരിൽ വൻ എടിഎം കൊള്ള; പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് സൂചന, സംഭവം പുലർച്ചെ
ATM Robbery: വെള്ള കാറിലെത്തിയ സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയത്. എസ്ബിഐയുടെ മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്.
തൃശൂർ: തൃശൂരിൽ വൻ എടിഎം കൊള്ള. ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മാപ്രാണം, കോലാഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് സംഭവം. കാറിലെത്തിയ നാലാംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്.
60 ലക്ഷത്തിലധികം രൂപ കെള്ളയടിച്ചെന്നാണ് പ്രാഥമിക നിഗമനം. മാപ്രാണം എടിഎമ്മിലാണ് ആദ്യം കവർച്ച നടന്നത്. മാപ്രാണം എടിഎമ്മിൽ നിന്ന് 30 ലക്ഷം, കോലാഴിയിൽ നിന്ന് 25 ലക്ഷവും കൊള്ളയടിച്ചു. ഷൊർണൂർ റോഡ് എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാൽ നഷ്ടപ്പെട്ട തുക എത്രയെന്ന് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വെള്ള കാറിലെത്തിയ സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം എടിഎമ്മുകളിലെ സിസിടിവികൾ നശിപ്പിച്ചിട്ടില്ല. എടിഎം മോഷണത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രൊഫഷണൽ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പൊലീസ് സംഘം എത്തുമ്പോഴേക്കും പ്രതികൾ പണവുമായി കടന്നിരുന്നു.
കവർച്ചയുടെ പശ്ചാത്തലത്തിൽ ജില്ലയിലും അതിർത്തികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലും മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. കവർച്ചയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.