Kochi Ship Accident: കൂടുതൽ കണ്ടെയ്‌നറുകൾ തിരുവനന്തപുരത്തിന്റെ തീരത്തും; മത്സ്യബന്ധനത്തിന് മെയ് 28 വരെ നിരോധനം
More Cargo Ship Containers Ashore on Trivandrum Coast: എംഎസ്സി എൽസ 3 എന്ന ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വരാൻ കഴിയാത്ത പ്രദേശങ്ങളായത് കൊണ്ടുതന്നെ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ എംഎസ്സി എൽസ 3 എന്ന ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിലാണ് ഇന്ന് രാവിലെയോടെ കൂടുതൽ കണ്ടെയ്നറുകൾ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീര പ്രദേശങ്ങങ്ങളിൽ കണ്ടെയ്നറിനുള്ളിൽ ഉണ്ടായിരുന്ന പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് മെയ് 28 വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, എംഎസ്സി എൽസ 3 എന്ന ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വരാൻ കഴിയാത്ത പ്രദേശങ്ങളായത് കൊണ്ടുതന്നെ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് പോർട്ടിൽ എത്തിച്ചിരുന്നു. ഇതുവരെ 34 കണ്ടെയ്നറുകളാണ് ആകെ തീരത്ത് അടിഞ്ഞിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. അപകടകരമല്ലാത്ത വസ്തുക്കളും ചില കണ്ടെയ്നറുകളിൽ കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ ഇനിയും വന്ന് അടിയാനുള്ള സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
അറബിക്കടലിൽ മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ പുറത്തെടുക്കാനായി സാൽവേജ് കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കടൽക്ഷോഭം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഉടൻ നടപടികൾ തുടങ്ങാനാണ് തീരുമാനം. 250 ടണ്ണോളം കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്നറുകളാണ് മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നത്. ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ALSO READ: റെയിൽവെ ട്രാക്കിൽ മരം വീണു, ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകൾ വൈകിയോടുന്നു
മുങ്ങിത്താഴുന്നതിന് മുമ്പ് കപ്പലിൽ നിന്ന് കടലിലേക്ക് നൂറിലധികം കണ്ടെയ്നറുകൾ തെറിച്ചുവീണതായും ഇത് ഒഴുകി നടക്കുന്നതായും കോസ്റ്റ്ഗാർഡ് നടത്തിയ ഏരിയൽ പരിശോധനയിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഇന്ധനച്ചോർച്ചയെ തുടർന്ന് കടലിൽ വ്യാപിച്ച എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമങ്ങളും നിലവിൽ പുരോഗമിക്കുകയാണ്. അതേസമയം, പൊല്യൂഷൻ ലയബിലിറ്റി സംഭവത്തിൽ മർക്കൻറൈൽ മറൈൻ ഡിപ്പാർട്ട്മെൻറ് കപ്പൽ കമ്പനിയായ എംഎസ്‍സി എൽസ 3ന് വാണിങ് നോട്ടീസ് നൽകിയിട്ടുണ്ട്.