Accident Death: വിമാനത്താവളത്തിൽനിന്നു മകനെ യാത്രയാക്കി മടങ്ങുന്നതിനിടെ അപകടം; അമ്മയും ബന്ധുവും മരിച്ചു
Car Hit in Crash at Pathanamthitta: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്കു സമീപം ആറുമുക്ക് പാലം ഭാഗത്ത് അപകടം നടന്നത്.
പത്തനംതിട്ട: മകനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങുന്നതിനിടെ അമ്മയും ബന്ധുവും കാറപകടത്തില്‍ മരിച്ചു. കാർ ഓടിച്ച കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ്.ബിപിൻ (30), കപ്പിക്കാട്ട് വ്ലാത്തിവിളൈ വസന്തി (58) എന്നിവരാണ് മരിച്ചത്. അപകടത്തിൽ വസന്തിയുടെ ഭർത്താവ് കപ്പിക്കാട്ട് വ്ലാത്തിവിളൈ സുരേഷ് (62), മേക്കമണ്ഡപം വിരലികാട്രു വിളൈ സിബിൻ (30) എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സുരേഷിന്റെ പരിക്ക് ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്കു സമീപം ആറുമുക്ക് പാലം ഭാഗത്ത് അപകടം നടന്നത്.
മകന് വിദേശത്ത് ജോലിക്ക് അയച്ച് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം. പുനലൂർ ഭാഗത്തേക്കു പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ വലതുവശത്തെ ഇടിതാങ്ങിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇടിതാങ്ങി ഒടിഞ്ഞ് ഒരറ്റം കാറിന്റെ മുന്നിലെ ചില്ല് തകർത്ത് അകത്തേക്കു കയറി. ഇതിന്റെ കൂർത്ത ഭാഗം ബിപിന്റെ കഴുത്തിലേക്കു തുളച്ചുകയറുകയായിരുന്നു.അപകടത്തിൽ സംഭവസ്ഥലത്തു വച്ചുതന്നെ ബിപിൻ മരിച്ചിരുന്നു. ബാക്കിയുള്ളവരെ സമൂപത്തെ ആശുപ്ത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു വസന്തി മരണപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു, കാറിനുള്ളിലുണ്ടായവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിക്കേറ്റ ഡ്രൈവർ സിബിനെ സുഹൃത്തായ ബിപിൻ വിളിച്ചുകൊണ്ടുവന്നതാണ്. തിരികെപ്പോകുമ്പോൾ ബിപിനാണ് വാഹനമോടിച്ചത്.
വസന്തിയുടെ മൂത്ത സഹോദരിയുടെ മകനാണ് ബിപിൻ. ഇയാൾ 2018-20 വർഷത്തിൽ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ കന്യാകുമാരിയും ട്രെയ്നറുമായിരുന്നു. വസന്തിയുടെ മകൻ സ്മിത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയയച്ച ശേഷം അവിടെ നിന്ന് നല്ല റോഡിലൂടെ പെട്ടെന്ന് സ്ഥലത്തെത്താനായാണ് സംഘം ഈ റൂട്ട് തിരഞ്ഞെടുത്തത്. മരിച്ച വസന്തിയുടെയും ബിപിന്റെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. അതേസമയം ഇടിതാങ്ങി ഘടിപ്പിച്ചതിലെ അപാകതയാണ് ഒടിഞ്ഞ് വാഹനത്തിനുള്ളില്‍ തുളച്ച് കയറാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.