മൂന്നാറിലേക്ക് ഇനി പ്ലാസ്റ്റിക് കൊണ്ടുപോകേണ്ട, പിഴ കൊടുത്ത് പോക്കറ്റ് കാലിയാകും; ജുലൈ മുതൽ മാറ്റം!
Munnar Tourism Update: Authorities to Impose Fines for Plastic Use from July 10: നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം പഞ്ചായത്തിൻ്റെ വാട്ട്സ് ആപ്പ് നമ്പറിൽ അറിയിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനം, വിവരം അറിയിച്ചവർക്ക് നൽകും
കേരളക്കരയെ ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇടമാണ് മൂന്നാർ. മൂന്ന് പുഴകളുടെ സംഗമ കേന്ദ്രം. തേയില തൊട്ടങ്ങളും കോട മഞ്ഞും കാടിൻ്റെ വന്യതയും എല്ലാം ചേർന്ന വശ്യമായ ഭംഗി. എന്നാൽ മലിനീകരണം മൂന്നാറിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. എന്തിനും ഏതിനും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് തന്നെയാണ് പ്രധാന വില്ലൻ. ഇപ്പോഴിതാ മൂന്നാറിലെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ ആരംഭിക്കുകയാണ്. മുന്നാറിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ നാളെ മുതൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. നാളെ മുതൽ ജൂലൈ 10 വരെ മുന്നറിയിപ്പിൻ്റെ ഭാഗമായി പരിശോധനകൾ നടക്കും. അതിന് ശേഷം കൃത്യമായി പിഴയീടക്കാനാണ് തീരുമാനം.
ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ വഴിയോരങ്ങളിലെ കടകൾ എന്നിവിടങ്ങളിൽ നാളെ മുതൽ പരിശോധനകൾ ആരംഭിക്കും. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, അര ലിറ്ററിൽ താഴെയുള്ള ബോട്ടിലുകൾ എന്നിവ സുക്ഷിക്കുന്നതായി കണ്ടെത്തിയാൽ ആദ്യ ഘട്ടമെന്ന നിലയിൽ താക്കീത് നൽകും. മെയ് പത്തിന് ശേഷം തുടരുന്ന കർശന പരിശോധനകളിൽ ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ വലിയ തുക തന്നെ പിഴയായി ഇടാക്കും. കച്ചവടക്കാരിൽ നിന്നും മാത്രമല്ല വിനോദ സഞ്ചാരികളെയും, പൊതു ജനങ്ങളെയും ഇക്കാര്യങ്ങളിൽ ബോധവാന്മാരാക്കുന്ന നടപടികളിലേക്കാണ് അധികൃതർ കടക്കുന്നത്.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ മൂന്നാറിലേക്ക് കൊണ്ടുവരികയോ ഉപയോഗിക്കുകയോ ചെയ്താൽ വിനോദ സഞ്ചാരികളിൽ നിന്നും അടക്കും പിഴ ഈടാക്കും. പൊതു ജനങ്ങളെ ഇക്കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നതിനായി എല്ലാ വാർഡുകളിലൂടെയും മൈക്ക് അനൗൺസ്മെൻ്റ് നടത്തുമെന്ന് മൂന്നാർ പഞ്ചായത്ത് പ്രസിഡൻ്റ് എസ് വിജയകുമാർ പറഞ്ഞു. പിഴ തുക ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൻ്റെ ഭാഗമാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം പഞ്ചായത്തിൻ്റെ വാട്ട്സ് ആപ്പ് നമ്പറിൽ അറിയിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനം, വിവരം അറിയിച്ചവർക്ക് നൽകും.
Also Read: Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഷെയറിട്ട് എടുക്കുന്നോ? നിയമങ്ങള്‍ അറിഞ്ഞിട്ട് മതി എല്ലാം
പിഴ രണ്ടര ലക്ഷം രൂപ വരെ
യാത്രക്കിടെ മൂന്നാറിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് പിടിക്കപ്പെട്ടാൽ ഇനി ചില്ലറ കൊടുത്ത് തടിയൂരാമെന്ന് ആരും കരുതേണ്ട. അയ്യായിരം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് വിവിധ നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുക.
-
മാലിന്യം വലിച്ചെറിയുകയോ, പ്ലാസ്റ്റിക് കത്തിക്കുകയോ ചെയ്താൽ ആദ്യ ഘട്ടത്തിൽ 5000 രൂപയാണ് പിഴയീടാക്കുക.
-
നിരോധിത ക്യാരി ബാഗുകൾ, അരലിറ്ററിൽ താഴെയുള്ള ബോട്ടിലുകൾ, നിരോധിത പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, സ്ട്രോ എന്നിവയുടെ ഉപയോഗം കണ്ടെത്തിയാൽ ആദ്യഘട്ടത്തിൽ തന്നെ 10,000 രൂപ പിഴ ഇടാക്കും. നിയമലംഘനം രണ്ടാമതും ആവർത്തിച്ചാൽ പിഴ 25,000 രൂപയായി വർധിക്കും. ഇനി മൂന്നാമതും നിയമ ലംഘനത്തിന് മുതിർന്നാൽ രണ്ടര ലക്ഷം രൂപയാണ് പിഴയായി നൽകേണ്ടി വരിക.
-
തരം തിരിക്കാത്ത ജൈവ അജൈവ മാലിന്യങ്ങൾ പൊതു സ്ഥലത്ത് തള്ളിയാൽ 1000 രൂപ മുതൽ 10,000 രൂപ വരെയും പിഴയൊടുക്കേണ്ടി വരും.
English Summary
To preserve the fragile ecosystem of the popular hill station, authorities in Munnar are enforcing a strict ban on plastic. Starting from July 10, 2026, strict actions, including fines, will be levied against those found using or carrying prohibited plastic items. The move is aimed at curbing plastic pollution in the region, and both tourists and local residents are heavily advised to adhere to the new green guidelines to avoid penalties.