MV Govindan: ‘തിരുത്തലുകള്‍ വരുത്തും, തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ചതാണ് ഇടതുചരിത്രം’
MV Govindan responds to LDF's defeat in the Kerala local body elections 2025: തോല്‍വിയെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തും

MV Govindan
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിശദമായ പരിശോധന എല്ലാ തരത്തിലും നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്. ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ഭരണം. പകുതി ജില്ലാ പഞ്ചായത്തുകളില്‍ ജയിച്ചത് പ്രധാനപ്പെട്ട കാര്യമാണ്. ഇടതുമുന്നണിയുടെ അടിത്തറയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. മറ്റ് കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
2010ല്‍ ആറു ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് ജയിച്ചത്. അന്ന് 59 ബ്ലോക്ക് പഞ്ചായത്തുകളിലായിരുന്നു എല്‍ഡിഎഫ് ജയിച്ചത്. 91 ബ്ലോക്ക് പഞ്ചായത്തുകളില്‍ അന്ന് യുഡിഎഫ് ആണ് ജയിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ അന്ന് 360 ഇടത്ത് എല്‍ഡിഎഫ് ജയിച്ചിരുന്നത്. അതിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിന്റെ കുറവിലാണ് ഭരണം നഷ്ടപ്പെട്ടത്. നല്ല മുന്നേറ്റമുണ്ടാക്കാന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ നടത്തിയ പ്രവൃത്തനത്തിലൂടെ മുന്നേറ്റമുണ്ടാക്കാനായി. എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നെന്ന പ്രചാരവേല ചിലര്‍ നടത്തുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും കാര്യം പറഞ്ഞതെന്നും ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വര്‍ഗീയശക്തികളുമായി പരസ്യമായും രഹസ്യമായും യുഡിഎഫ് നീക്കുപോക്ക് നടത്തി. യുഡിഎഫും ബിജെപിയും പരസ്പരം സഹായിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ ജയിച്ചുവെന്നത് മാറ്റിനിര്‍ത്തിയാല്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. സമാനതകളില്ലാത്ത നേട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. എന്നാല്‍ ഈ നേട്ടങ്ങള്‍ എന്തുകൊണ്ട് തിരഞ്ഞെടുപ്പിന്റെ ഫലമായി പ്രതിഫലിച്ചില്ലെന്ന് പരിശോധിക്കും. സംഘടനാപരമായി പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
വീഡിയോ കാണാം
പാഠം പഠിക്കണം
തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നു സര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുതരംഗമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും, ഫലം അനുകൂലമായില്ലെന്നും, ജനവിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുത്തേണ്ട നിലപാടുകള്‍ തിരുത്തും. ജനവിധിയില്‍ പാഠം ഉള്‍ക്കൊള്ളും. പ്രത്യക്ഷമായും പരോക്ഷമായും യുഡിഎഫ്-ബിജെപി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.