MV Govindan: ‘തിരുവനന്തപുരത്ത് കോൺഗ്രസുമായി സഖ്യമില്ല’; ബിജെപിയ്ക്ക് കാര്യമായ നേട്ടമുണ്ടായില്ലെന്ന് എംവി ഗോവിന്ദൻ
No Alliance With Congress Says CPIM: കോൺഗ്രസുമായിച്ചേർന്ന് തിരുവനന്തപുരം ഭരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം ഭരിക്കാൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ബിജെപിയുമായി ചേർന്ന് കോൺഗ്രസിനെയോ കോൺഗ്രസുമായി ചേർന്ന് ബിജെപിയെയോ എതിർക്കാൻ നിലപാട് സ്വീകരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്നതായിരുന്നു ചോദ്യം. ഇതിനോടാണ് എംവി ഗോവിന്ദൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകൾ നേടി ഞെട്ടിക്കുന്ന വിജയമാണ് ബിജെപി കുറിച്ചത്. പാലക്കാടും തൃശൂരും തിരിച്ചടികളുണ്ടായെങ്കിലും തലസ്ഥാനത്ത് വമ്പൻ വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞു. എൽഡിഎഫ് 29 സീറ്റ് നേടിയപ്പോൾ യുഡിഎഫ് 19 സീറ്റുകളാണ് നേടിയത്.
തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട് എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ഭരണം പിടിച്ചത്. പകുതി ജില്ലാ പഞ്ചായത്തുകളില്‍ ജയിച്ചത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടതുമുന്നണിയുടെ അടിത്തറയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. മറ്റ് കാര്യങ്ങള്‍ പരിശോധിക്കും. എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നെന്ന് ചിലർ പറയുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും കാര്യം പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പരസ്പരം സഹായിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ ജയിച്ചുവെന്നത് മാറ്റിനിര്‍ത്തിയാല്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായി പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർട്ടിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ കണ്ടെത്തും. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും. തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.