MVD Rule: രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് ഓടണ്ടാ..! ലൈസൻസ് ഗോവിന്ദ
MVD: നിയമലംഘനങ്ങളുടെ പേരിൽ കൊച്ചിയിൽ 1121 പേരുടെ ഡ്രൈവിംഗ് ലൈസൻസുകളാണ് ആർടിഒ റദ്ദാക്കിയിട്ടുള്ളത്.രക്തത്തിൽ മദ്യത്തിന്റെ അളവ് അനുസരിച്ചാണ് ലൈസൻസ് സസ്പൻഡ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

Mvd
കൊച്ചി: രാത്രി മദ്യപിച്ചത് അല്പം കൂടി പോയാൽ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തങ്ങി പിറ്റേദിവസം വണ്ടിയെടുത്ത് പോകുന്ന ശീലം പലർക്കും ഉണ്ട്. ഇനി അങ്ങനെ രാവിലെ വണ്ടിയെടുത്ത് രക്ഷപ്പെടാം എന്ന് കരുതേണ്ട. അങ്ങനെ വാഹനം ഓടിച്ച് എംവിഡി പിടിച്ചാലും ഡ്രൈവിംഗ് ലൈസൻസ് പോകുമെന്ന് ഉറപ്പാണ്. മാത്രമല്ല ഒരു ദിവസത്തെ സ്റ്റഡി ക്ലാസിനും ഇരിക്കേണ്ടിവരും. ഇത്തരത്തിലുള്ള നിയമലംഘനങ്ങളുടെ പേരിൽ കൊച്ചിയിൽ 1121 പേരുടെ ഡ്രൈവിംഗ് ലൈസൻസുകളാണ് ആർടിഒ റദ്ദാക്കിയിട്ടുള്ളത്. സമാനമായ കേസുകളുടെ എണ്ണം കൂടിയതോടെ എറണാകുളം ആർടിഒ കെ ആർ സുരേഷ് ജോയിന്റ് ആർടിഒ സിഡി അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഹിയറിങ് നടപടികൾ വേഗത്തിലാക്കിയാണ് ലൈസൻസ് റദ്ദാക്കുന്നത്.
രക്തത്തിൽ മദ്യത്തിന്റെ അളവ് അനുസരിച്ചാണ് ലൈസൻസ് സസ്പൻഡ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ആ രീതിയിൽ രക്തത്തിൽ മദ്യത്തിന്റെ അളവ് ഒൻപത് മില്ലിക്ക് മുകളിൽ കൂടിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം 437 പേർക്കാണ് ലൈസൻസ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ഇതിൽ കൂടുതലായി ബസ് ഡ്രൈവർമാർ ലോറി ഡ്രൈവർമാർ കാർ ഡ്രൈവർമാർ എന്നിവരാണ് പെട്ടത്.
ബുള്ളറ്റിൽ ശബ്ദ ക്രമീകരണവുമായി എംവിഡി
കൊച്ചി: ബുള്ളറ്റിൽ ശബ്ദ ക്രമീകരണങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ബുള്ളറ്റിൽ ശബ്ദം വർദ്ധിപ്പിക്കുന്നതിന് പുകക്കുഴലിൽ ക്രമീകരണങ്ങൾ വരുത്തുന്നവർക്കെതിരെ നടപടി കർശനമാക്കും എന്നാണ് റിപ്പോർട്ട്. കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ നിന്നാണ് എംവിഡിയുടെ തീരുമാനം. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് പിഴ അടച്ച ശേഷം സൈലൻസറുകളിൽ നിന്നും നടത്തിയ ക്രമീകരണങ്ങൾ മാറ്റി ആർടിഒ ഓഫീസിൽ വാഹനങ്ങൾ ഹാജരാക്കാം എന്ന് അധികൃതർ നിർദ്ദേശം നൽകി.