Nehru Trophy Boat Race 2025 : മാവേലിക്കരക്കാരുടെ പ്രതിഷേധച്ചൂട് അറിഞ്ഞു! അവസാനം കലക്ടർ അവധി പ്രഖ്യാപിച്ചു
Nehru Trophy Boat Race 2025 Alappuzha Holiday : നേരത്തെ മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കി ആലപ്പഴയിലെ മറ്റ് താലൂക്കുകൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.
ആലപ്പുഴ : ഓഗസ്റ്റ് 30-ാം തീയതി സംഘടിപ്പിക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ വിവിധ താലൂക്കുകളിൽ മാത്രം പ്രഖ്യാപിച്ചിട്ടുള്ള അവധിയിൽ മാറ്റം. ആലപ്പുഴ ജില്ലയിൽ ഒന്നടങ്കം പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ല കലക്ടർ ഔദ്യോഗികമായി അറിയിച്ചു. ജില്ലയിലെ മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കി അവധി പ്രഖ്യാപിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും തുടർനടപടിയായിട്ടാണ് ജില്ലയിൽ ഒന്നടങ്കം കലക്ടർ അവധി പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
“നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും” ജില്ല കലക്ടർ അറിയിപ്പ് നൽകി.
അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ആലപ്പുഴ ജില്ല കലക്ടറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
മുൻകാലങ്ങളിൽ എല്ലാം നെഹ്രു ട്രോഫി വള്ളംകളി ദിനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നടങ്കം പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ മാവേലിക്കരയെ ഒഴിവാക്കി മറ്റ് താലൂക്കുകളായ ആലപ്പുഴ, ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നിവടങ്ങളിൽ മാത്രമായ അവധി പ്രഖ്യാപിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ജില്ലയുടെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന മാവേലിക്കരയെ തവിട് കൊടുത്താണോ വാങ്ങിയത്? താൽപര്യമില്ലെങ്കിൽ മാവേലിക്കരയെ പത്തനംതിട്ട ജില്ലയ്ക്കൊപ്പം ചേർത്തുകൊള്ളുയെന്നായിരുന്നു കലക്ടറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി പ്രതിഷേധം ഉയർന്നത്.
വിവാദമായതോടെ സംഭവത്തിൽ മാവേലിക്കര എംഎൽഎ ഇടപെടുകയും മുഖ്യമന്ത്രിക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പരാതി നൽകുകയും ചെയ്തു. മാവേലിക്കര ഒഴിവാക്കികൊണ്ട് നെഹ്റു ട്രോഫി വള്ളംകളി ദിനത്തിൽ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ച്, പകരം ജില്ലയ്ക്ക് ഒന്നടങ്കം പ്രാദേശിക അവധി നൽകികൊണ്ട് പോതുഭരണ വകുപ്പ് ഉത്തരവ് ഇറക്കണമെന്നും ആവശ്യപ്പെട്ടാണ് മാവേലിക്കര എംഎൽഎ മുഖ്യമന്ത്രി കത്തെഴുതിയത്.