Nimisha Priya: നിമിഷ പ്രിയ കേസ് സുപ്രീം കോടതിയിലേക്ക്; നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
Nimisha Priya Case Update: സംഘത്തിലെ രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടുപേര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ സംഘത്തില്‍പെട്ടവരും ആയിരിക്കണമെന്ന ആവശ്യവും സമിതി ഉന്നയിക്കുന്നുണ്ട്.
ന്യൂഡൽഹി: നിമിഷപ്രിയ കേസ് സുപ്രീം കോടതിയിലേക്കും എത്തുന്നു. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷയുടെ മോചനത്തിനായുള്ള ചർച്ചകൾക്ക് നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് കൗൺസിൽ മുന്നോട്ട് വയ്ക്കുന്നത്.
ഈ ആവശ്യം ഇന്ന് സുപ്രീം കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത്, അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍. എന്നിവർ സുപ്രീം കോടതിയിൽ ഈ ആവശ്യം ഉന്നയിക്കുമെന്നാണ് വിവരം.
സംഘത്തിലെ രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടുപേര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ സംഘത്തില്‍പെട്ടവരും ആയിരിക്കണമെന്ന ആവശ്യവും സമിതി ഉന്നയിക്കുന്നുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ രൂപീകരിക്കണമെന്ന് ആക്ഷൻ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.
അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ കഴിയാവുന്ന എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. നിമിഷപ്രിയയുടെ കുടുംബത്തിന് നിയമസഹായത്തിന് ഒരു അഭിഭാഷകനെ നിയമിച്ചിട്ടുണ്ട്. യെമനിലെ പ്രാദേശിക ഭരണകൂടവുമായിട്ടും കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായിട്ടും ചർച്ചകൾ തുടരുകയാണ്. ഒപ്പം സുഹൃദ് രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കി.