Nimisha Priya Case: നിമിഷ പ്രിയയ്ക്ക് മാപ്പ് ഇല്ല! നിലപാട് കടുപ്പിച്ച് തലാലിൻ്റെ സഹോദരൻ; അനുനയ ചർച്ചകൾ തുടരും
Nimisha Priya Case Latest Update: തലാലിൻ്റെ കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ താല്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ സഹോദരൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ശക്തമായ ചർച്ചകൾ വേണ്ടി വരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതിനിധികൾ വ്യക്തമാക്കുന്നത്.
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് വെല്ലുവിളിയായി കൊല്ലപ്പട്ട തലാൽ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താ മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിമിഷപ്രിയയ്ക്ക് മാപ്പ് നൽകില്ലയെന്ന് അറിയിച്ചകൊണ്ടാണ് തലാലിൻ്റെ സഹോദരൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും വധശിക്ഷയിൽ കുറഞ്ഞത് ഒന്നും അംഗീകരിക്കില്ലെന്നും ദയാധനം വേണ്ടെന്നുമാണ് ഫത്ത മഹ്ദി സോഷ്യൽ മീഡിയ പോസ്റ്റലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം വരും ദിവസങ്ങളിൽ നിമിഷപ്രിയയുടെ മോചനത്തിനായിട്ടുള്ള അനുനയ ചർച്ചകൾ തുടരുമെന്ന് സേവ് നിമിഷപ്രിയ സംഘടന വ്യക്തമാക്കുന്നത്.
എന്നാൽ തലാലിൻ്റെ കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ താല്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ സഹോദരൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ശക്തമായ ചർച്ചകൾ വേണ്ടി വരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രതിനിധികൾ വ്യക്തമാക്കുന്നത്. തലാലിൻ്റെ സഹോദരനെ അടക്കം അനുനയിപ്പിക്കാനുള്ള തീവ്രമായ ശ്രമം തുടരുകയാണ്. ചർച്ചകൾ തുടരുമെന്ന സൂചനയാണ് കേന്ദ്രസർക്കാരും നൽകുന്നത്.
അതേസമയം നിമിഷ പ്രിയയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ യെമനിൽ യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാവാൻ ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ ജൂലൈ 15-ാം തീയതിയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വധ ശിക്ഷ മരവിപ്പിക്കണമെന്നാണ് വിധിപകർപ്പിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്നാണ് കാന്തപുരം അബൂബക്കർ മുസല്യാർ വ്യക്തമാക്കിയിട്ടുള്ളത്. കുടുംബം ദയാധനം വാങ്ങിക്കാൻ സമ്മതം അറിയിച്ചാൽ അത് സജ്ജമാക്കാമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചതായി കാന്തപുരം അറിയിച്ചിട്ടുണ്ട്.
ഇന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെത്തുടർന്ന് യോഗം ചേരുകയും പിന്നീട് വധശിക്ഷ നീട്ടിവയ്ക്കുകയുമായിരുന്നു. 2017-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. യെമെൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി വീടിനുമുകളിലെ വാട്ടർടാങ്കിൽ തള്ളിയെന്നാണ് നിമിഷപ്രിയയ്ക്ക് എതിരായ കേസ്. നിലവിൽ നിമിഷപ്രിയ യെമെൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുകയാണ്.