Kerala Nipah Case: സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു: 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Nipah Case In Kerala: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ച് മരണമടഞ്ഞ 57 വയസുകാരൻറെ സമ്പർക്ക പട്ടിക തയ്യാറായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 46 പേരാണ് ആകെ ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ളത്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
അതേസമയം, പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ച് മരണമടഞ്ഞ 57 വയസുകാരൻറെ സമ്പർക്ക പട്ടിക തയ്യാറായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 46 പേരാണ് ആകെ ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ളത്. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണം കൂടി ലഭ്യമായെങ്കിൽ മാത്രമെ കൂടുതൽ നടപടികൾ സ്വീകരിക്കാനാകൂ.
മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് നിപ രോഗം കണ്ടെത്തിയത്. ഉടൻ തന്നെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ഈ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുള്ള 46 പേരെയാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു കേസ് കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ടീമിനെ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദർശിക്കുന്നത് ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് നിർബന്ധമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.