Kerala Nipah Virus Update: രോഗത്തിന്റെ ഉറവിടം ആ ഗോഡൗണോ? കോഴിക്കോട്ടെ നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുത്
New Nipah Case Reported in Kozhikode: നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.
കോഴിക്കോട്: നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇദ്ദേഹം ഒരു ഗോഡൗണ്‍ വാടകയ്‌ക്കെടുത്ത് വൃത്തിയാക്കിയിരുന്നു. അവിടെ വവ്വാലിന്റെ സാന്നിധ്യം ഉണ്ടായിരിക്കാമെന്ന സംശയം മന്ത്രി പ്രകടിപ്പിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും വൈറോളജി ഇന്‍സ്റ്റിറ്റൂട്ടിലെ റിസള്‍ട്ട് ഇനി വരാനുണ്ട്. സംസ്ഥാനത്ത് വീണ്ടും നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് 12-ന് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിവരികയാണ്. പൂനെയില്‍ നടത്തുന്ന പിസിആര്‍ പരിശോധനയ്ക്ക് ശേഷം രോഗവിവരം ഔദ്യോഗികമായി സ്ഥിരീകരിക്കും. ഇന്ന് വൈകിട്ടോടെ ഫലം പുറത്തുവരുമെന്നാണ് വിവരം.
മന്ത്രിയുടെ വാക്കുകള്‍:
“ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് റിസള്‍ട്ട് വരാനുണ്ട്. ലക്ഷണങ്ങള്‍ പരിശോധിച്ചപ്പോള്‍ നിപയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് സമ്പര്‍ക്കം കൂടുതലാണ്. അദ്ദേഹം ആദ്യം ഒപി സെക്ഷനിലാണ് പോയത്. തുടര്‍ന്ന് എംആര്‍ഐ സ്‌കാനിങ് നടത്തി. എക്കോ ടെസ്റ്റും നടത്തിയിട്ടുണ്ട്. അതുകൊണ്ട് കുറച്ച് വിപുലമായിട്ടുള്ള സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗിയെ 11 മണിയോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഭയപ്പെടാനൊന്നുമില്ല.
Also Read: Nipah Virus: വീണ്ടും നിപ: കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
ഒരു ഗോഡൗണ്‍ വാടകയ്‌ക്കെടുത്ത് സ്വയം ക്ലീന്‍ ചെയ്‌തെന്നാണ് രോഗി പറയുന്നത്. അവിടെ വവ്വാലിന്റെ സാന്നിധ്യം ഉണ്ടായിരിക്കാം. അദ്ദേഹത്തിന് ഒരിക്കല്‍ പനി വന്ന് മാറിയതാണ്. വീണ്ടും പനി വന്നു. തുടര്‍ന്ന് വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു. രണ്ട് മൂന്ന് തവണ ആശുപത്രിയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് 43 വയസുണ്ട്. കുറച്ച് ബിസിനസുകള്‍ നടത്തുന്ന വ്യക്തിയാണ്. അതിന്റെ ആവശ്യത്തിനാണ് ഗോഡൗണ്‍ വാടകയ്‌ക്കെടുത്തത്. ഇതുവരെ ബുദ്ധിമുട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈ റിസ്‌കും ലോ റിസ്‌കുമുണ്ട്. ഹൈ റിസ്‌കിനുള്ള സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ട്”.
കര്‍ശന നിയന്ത്രണങ്ങള്‍
രോഗബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. വാര്‍ഡിന് സമീപം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വാര്‍ഡ് പരിസരത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാവിത്രി ദേവി ബാബു ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂര്‍ണമായും നിരോധിച്ചു.
ജീവനക്കാരും രോഗികളും ഉള്‍പ്പെടെ എല്ലാവരും മറ്റ് വഴികളിലൂടെ പ്രവേശിക്കണമെന്നാണ് നിര്‍ദ്ദേശം. ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗികള്‍ മെയിന്‍ ഗേറ്റ് വഴി പുറത്തുപോകണം. ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് അനാവശ്യമായി വരരുത്. വാര്‍ഡ് പരിസരത്ത് വാഹന പാര്‍ക്കിങും നിരോധിച്ചു. രോഗവ്യാപനം തടയുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍.
English Summary
A 43-year-old man from Feroke has tested positive for the Nipah virus in Kozhikode. The patient has an extensive contact list after visiting multiple hospital departments. Strict restrictions and isolation measures have been enforced at the Kozhikode Medical College. Health Minister K. Muraleedharan stated that the situation is under control and final test results from Pune are awaited.