Onam 2025 Atham: ഓണത്തിന്റെ വരവറിയിച്ച് അത്തം എത്തി, തൃപ്പൂണിത്തുറയില്‍ ഇന്ന് ഘോഷയാത്ര
Onam 2025, Atham Day: ഓണത്തിന്‍റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടക്കും. രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
തൃപ്പൂണിത്തുറ: മലയാളികൾക്ക് ഇനി ഓണം മൂഡ്. ഓണനാളിന്റെ വരവറിയിച്ച് ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് മുതലുള്ള പത്ത് ദിവസം മലയാള മണ്ണിൽ പൂക്കളമുയരും.
തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും. രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും.
ALSO READ: വായ് തുറക്കില്ല, കാൽ നിലത്തുറപ്പിക്കില്ല; ഓണപ്പൊട്ടൻ എന്നാണ് വീടുകളിൽ വിരുന്നെത്തുന്നത്?
പ്രത്യേക അതിഥികളായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഘോഷയാത്രയില്‍ 20 നിശ്ചല ദൃശ്യങ്ങളും 300 ലേറെ കലാകാരന്മാരും അണിനിരക്കും. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും വിന്യസിച്ചു.
അത്തപ്പൂക്കളം
അത്തനാളിലാണ് ഓണപൂക്കളം ഒരുക്കുന്നത് ആരംഭിക്കുന്നത്. ‘അത്തപ്പൂ’ എന്ന് വിശേഷിപ്പിക്കുന്ന പൂക്കളം വളരെ ലളിതമായിരിക്കും. അടിച്ചു തളിച്ച് വൃത്തിയാക്കി ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടേണ്ടത്. അത്തം നാളിൽ ഒരു നിരയുള്ള പൂക്കളമാണ് ഒരുക്കുന്നത്. നടുവിൽ തുളസിയിലയും മുക്കുറ്റിയും വച്ച ശേഷം അതിന് ചുറ്റിലുമായി തുമ്പപ്പൂകൊണ്ടുള്ള നിരയിടും.