Onam Bumper 2025: 25 കോടിക്കു പിന്നാലെ മലയാളികൾ… തിരുവോണം ബമ്പറിന് വൻഡിമാന്റ്
Thiruvonam Bumper Sees Huge Demand: ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കാൻ സാധ്യതയുള്ള ഒന്നായി തിരുവോണം ബമ്പറിനെ വിലയിരുത്തുന്നു.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയുടെ തിരുവോണം ബംബർ ലോട്ടറി ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്. വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ടിക്കറ്റുകൾ റെക്കോർഡ് വിൽപ്പന നേടി മുന്നേറുകയാണ്.
ആദ്യഘട്ടത്തിൽ അച്ചടിച്ച 20 ലക്ഷം ടിക്കറ്റുകളിൽ 13 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റുപോയി. ഇത്തവണത്തെ ബമ്പറിന് സമ്മാനഘടനയിലും വലിയ പ്രത്യേകതകളുണ്ട്. 25 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും.
കൂടാതെ 5 ലക്ഷം രൂപയുടെ 10 സമ്മാനങ്ങളും 2 ലക്ഷം രൂപയുടെ 10 സമ്മാനങ്ങളും ഉൾപ്പെടെ ആകർഷകമായ നിരവധി സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. ചെറുതും വലുതുമായ മറ്റു സമ്മാനങ്ങളും ലഭ്യമാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കാൻ സാധ്യതയുള്ള ഒന്നായി തിരുവോണം ബമ്പറിനെ വിലയിരുത്തുന്നു. സെപ്റ്റംബർ 27നാണ് ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ്.