Padmanabha swamy temple: വീണ്ടും പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ വിഷയം ഉയരുന്നു…. ചർച്ചയ്ക്ക് തുടക്കമിട്ട് സർക്കാർ
Padmanabhaswamy Temple: നിലവറ തുറക്കാനുള്ള നീക്കം വലിയ വിവാദങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ, ഈ വിഷയത്തിൽ തിടുക്കത്തിൽ ഒരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല.

Sree Padmanabha Temple (2)
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനിച്ചു. ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. ഉപദേശക സമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം ബി നിലവറ വീണ്ടും ചർച്ചയിലേക്ക് വരുന്നത് മുറജപത്തെയും വിഗ്രഹത്തിലെ അറ്റകുറ്റപ്പണികളെയും കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗത്തിലാണ്. ഈ യോഗത്തിലാണ് ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി നിലവറ തുറക്കുന്ന വിഷയം ഉന്നയിച്ചത്. നിലവറ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഭരണസമിതിക്ക് അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. ആചാരപരമായ കാര്യമായതുകൊണ്ട് തന്ത്രിമാരുടെ അഭിപ്രായം തേടാൻ യോഗത്തിൽ തീരുമാനമായി.
Read more : ഇനി കാർഷിക കോളേജ് ഇനി മണ്ണുത്തിയില്ല വെള്ളാനിക്കരയിൽ, കാരണങ്ങളും മാറ്റങ്ങളും ഇങ്ങനെ
ബി നിലവറ തുറക്കുന്നതിനെ ആചാരപരമായ കാരണങ്ങൾ മുൻനിർത്തി രാജകുടുംബം തുടക്കം മുതൽ എതിർത്തിരുന്നു. തന്ത്രിമാരുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ ഭരണസമിതി ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. നിലവറ തുറക്കാനുള്ള നീക്കം വലിയ വിവാദങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ, ഈ വിഷയത്തിൽ തിടുക്കത്തിൽ ഒരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല. 2011-ൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം എ നിലവറ തുറന്നപ്പോൾ അതിൽ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം കണ്ടെത്തിയിരുന്നു. എ നിലവറയിലേതിനേക്കാൾ വലിയതും അപൂർവവുമായ നിധിശേഖരം ബി നിലവറയിൽ ഉണ്ടെന്നാണ് അന്ന് മുതൽ പ്രചരിച്ചിരുന്നത്.