Suhan Death: സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ സംശയാസ്പദമായ പരിക്കുകളില്ല
Palakkad Missing Suhan Death: കുളത്തിൽ അബദ്ധത്തില്‍ വീണതാകാമെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് കുട്ടിയെ കാണാതായത്.
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസ്സുകാരൻ സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുളത്തിൽ അബദ്ധത്തില്‍ വീണതാകാമെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കുളത്തിൽ കണ്ടെത്തുകയായിരുന്നു.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനോട് പിണങ്ങി പുറത്തേക്ക് പോയത്. പിന്നാലെ ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീടിനു സമീപത്തെ പാടശേഖരങ്ങളിലും കുളങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
വീട്ടിൽ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിനു മധ്യ ഭാഗത്തായാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്. അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ നിന്ന് ചെറിയ കനാൽ കടന്നു വേണം കുളത്തിലേക്ക് പ്രവേശിക്കാൻ. വീട്ടിൽ നിന്ന് ഇത്ര ദൂരം കുട്ടി എങ്ങനെ എത്തിയെന്നതിലടക്കം അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത്രയും ദൂരം കുട്ടി തനിച്ച് വരില്ലെന്ന ധാരണയിൽ ഈ കുളത്തിൽ തെരച്ചിൽ നടത്തിയിരുന്നില്ല.
സുഹാന്‍റെ മാതാവ് നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. സംഭവ സമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. പിതാവ് അനസ് വിദേശത്താണ്.ഇന്ന് ഉച്ചയോടെ പാലക്കാട് എത്തി. കുട്ടിയുടെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.