Rahul Mamkootathil: സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ; അറിഞ്ഞില്ലെന്ന് ഡിവൈഎഫ്ഐ
Rahul Mankootathil Inaugurates Palakkad-Bengaluru AC Bus: രാഹുലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യാതൊരു പ്രതിഷേധങ്ങളും ഉണ്ടായിരുന്നില്ല.
പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുപരിപാടിയിൽ ഉദ്ഘാടകനായെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് ഡിപ്പോയിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന പുതിയ കെഎസ്ആർടിസി എസി സീറ്റർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ എത്തിയത്. ഇന്നലെ രാത്രി എട്ടരയോടെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്.
വിവാദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് രാഹുൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതോടെ രാഹുൽ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. രാഹുലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യാതൊരു പ്രതിഷേധങ്ങളും ഉണ്ടായിരുന്നില്ല. പരിപാടിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി.റിയാസുദീൻ പറഞ്ഞത്. ബസ് സർവീസിന്റെ ഉദ്ഘാടനത്തെ കുറിച്ച് സിഐടിയു, ബിഎംഎസ് ട്രേഡ് യൂണിയൻ നേതാക്കൾക്ക് നേരത്തെ അറിയാമായിരുന്നു. സിഐടിയു യൂണിയനിലെ പല ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.
ഞായറാഴ്ച രാത്രി 8.50നു പാലക്കാട് ബസ്സ് സ്റ്റാൻഡിലെത്തിയ രാഹുൽ, ഉദ്ഘാടന നിർവഹിച്ച ശേഷം പങ്കെടുക്കാനെത്തിയ ആളുകളോട് സംസാരിച്ച് രാത്രി 9: 20 നാണ് തിരിച്ചത്. നിരവധി പേരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്. ബെംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യമാണ് യാഥാർഥ്യമായതെന്ന് രാഹുൽ ഉദ്ഘാടന നിർവഹിച്ചുകൊണ്ട് പറഞ്ഞു. ഈ ആവശ്യം പല തവണ ഗതാഗതമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും അന്തർ സംസ്ഥാനങ്ങളിലേക്ക് പുതിയ സർവീസുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
Also Read:‘മാസപ്പടി കേസിൽ വിജിലന്‍സ് അന്വേഷണം വേണം’; മാത്യു കുഴൽനാടൻ സുപ്രീംകോടതിയിൽ
പാലക്കാട് ഡിപ്പോയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇത് ആദ്യമായാണ് എസി സീറ്റർ ബസ് അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബസിൽ പുഷ്ബാക്ക് സംവിധാനമുള്ള 50 സീറ്റുകളാണുള്ളത്. പാലക്കാട് ഡിപ്പോയിൽ നിന്ന് രാത്രി ഒൻപതിനാണ് ബസ് പുറപ്പെടുന്നത്. ബെംഗളൂരുവിൽ നിന്ന് തിരിച്ച് രാത്രി 9.15നും പുറപ്പെടും. പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് ഞായറാഴ്ചകളിൽ 1171 രൂപയും, മറ്റു ദിവസങ്ങളിൽ 900 രൂപയുമാണ് നിരക്ക്.
അതേസമയം കഴിഞ്ഞ മാസം അവസാനം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ഓഫീസിൽ എത്തിയിരുന്നു. വിവാദത്തിനു ശേഷം 38 ദിവസം കഴിഞ്ഞാണ് അദ്ദേഹം പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തിയത്. പാലക്കാട് എത്തിയ എംഎൽഎ ഒരു മരണവീടും അന്ന് സന്ദർശിച്ചിരുന്നു. അന്നും യാതൊരു പ്രതിഷേധങ്ങളും നടന്നിരുന്നില്ല. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുലുമായി സഹകരിക്കില്ലെന്നാണ് പാലക്കാട് ഡിസിസി പറഞ്ഞത്.