Pattambi Pregnant Woman Death: അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറി; പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു
Pregnant Woman Died In Taluk Hospital: ഇന്നലെ രാവിലെ (വെള്ളിയാഴ്ച്ച) പത്തരയോടെയാണ് ആശുപത്രിയിൽ വെച്ച് നൗഷിജ കുഴഞ്ഞുവീണത്. നില വഷളായതോടെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൗഷിജയുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല.
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഒൻപത് മാസം ഗർഭിണിയായ യുവതി (Pregnant Woman Death) കുഴഞ്ഞുവീണ് മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജ (29) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ നൗഷിജ മരിച്ചതിൽ ചികിത്സപിഴവല്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറിയതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
ഇന്നലെ രാവിലെ (വെള്ളിയാഴ്ച്ച) പത്തരയോടെയാണ് ആശുപത്രിയിൽ വെച്ച് നൗഷിജ കുഴഞ്ഞുവീണത്. നില വഷളായതോടെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൗഷിജയുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല. സംഭവത്തിൽ നൗഷിജയുടെ സഹോദരനാണ് പോലീസിൽ ചികിത്സപിഴവെന്ന് കാട്ടി പരാതി നൽകിയത്.
ALSO READ: കത്രികയില്‍ നടപടി; വണ്ടാനത്തെ ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍
നൗഷിജയ്ക്ക് കൃത്യസമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രസവത്തിനായി ഫെബ്രുവരി 16നാണ് നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രസവത്തിനായുള്ള നടപടികൾ തുടങ്ങിയെങ്കിലും ഗർഭപാത്രം വികസിച്ചിരുന്നില്ല.
വ്യാഴാഴ്ച്ചയോടെ നൗഷിജയ്ക്ക് കഠിനമായ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടിരുന്നു. ഡോക്ടർമാരെ അറിയിച്ചെങ്കിലും നോക്കാം എന്ന മറുപടി നൽകി മടക്കി അയച്ചതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് വെള്ളിയാഴ്ച്ച പുലർച്ചയോടെ വേദനയും ക്ഷീണവും സഹിക്കാനാവാതെ യുവതി അവശനിലയിലായി. എന്നാൽ രാവിലെ ഡോക്ടർ എത്തുന്നത് വരെ കാത്തിരിക്കാനാണ് ആശുപത്രിയിലെ ജീവനക്കാർ പറഞ്ഞത്. ഇതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.
മരണശേഷം ചികിത്സാ രേഖകൾ പോലീസിന് കൈമാറുന്നതിൽ താലൂക്ക് ആശുപത്രി അധികൃതർ മനപൂർവം കാലതാമസം വരുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. തൃശൂർ മെഡിക്കൽ കോളജിലാണ് യുവതിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്.