Virtual Arrest Fraud: ക്രൈം ബ്രാഞ്ചില്‍ നിന്നാണെന്ന് ഭീഷണി; പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടത് 1.40 കോടി രൂപ
Pathanamthitta Virtual Arrest Fraud: മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഇവര്‍ക്കൊരു ഫോണ്‍ കോള്‍ വന്നതില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഭാര്യയുടെ ഫോണിലേക്കായിരുന്നു ഈ കോളെത്തിയത്. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഇവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പ് സംഘം പറഞ്ഞു.
പത്തനംതിട്ട: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വൃദ്ധ ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടത് 1.40 കോടി രൂപ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികള്‍ക്കാണ് പണം നഷ്ടമായത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ഇരുവരും അബുദബിയില്‍ നിന്ന് നാട്ടിലെത്തിയത്. സംഭവത്തില്‍ കീഴ്വായ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഇവര്‍ക്കൊരു ഫോണ്‍ കോള്‍ വന്നതില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഭാര്യയുടെ ഫോണിലേക്കായിരുന്നു ഈ കോളെത്തിയത്. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഇവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പ് സംഘം പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും തങ്ങള്‍ നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്ക് ഇത് കൈമാറണമെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കാണ് പണം ആവശ്യപ്പെടുന്നതെന്നും പണം തിരികെ നല്‍കുമെന്നും ഇരുവരെയും വിശ്വസിപ്പിച്ചു.




ഇതോടെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 90 ലക്ഷം രൂപ വൃദ്ധ അയച്ചുകൊടുത്തു. ശേഷം ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും നല്‍കി. അങ്ങനെ ആകെ 1.40 കോടി രൂപയാണ് ഇവര്‍ നല്‍കിയത്. എന്നാല്‍ പിന്നീട് പണം തിരികെ ലഭിച്ചില്ല. പിന്നാലെ ബന്ധു മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.