Tax Relief for Low-Alcohol Liquor: ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയാൽ പിന്നെ ഒന്നും ചെയ്യാനാവില്ല; മുഖ്യമന്ത്രി തിരുത്താൻ തയ്യാറാവണെമെന്ന് പിണറായി വിജയൻ
Pinarayi Vijayan Urges CM to Roll Back Liquor Tax Cut: ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ നികുതിയിളവിനുള്ള നിർദ്ദേശം ഫിനാൻസ് ബില്ലിൽ ചേർത്ത ശേഷം യു.ഡി.എഫിലെ ചർച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളത് എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കാനുള്ള യു,ഡി.എഫ് നിക്കത്തിന് പിന്നാലെ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നിർദ്ദേശം ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയതിന് ;പിന്നാലെയാണ് മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയത്. ഫിനാൻസ് ബില്ല് സഭ അംഗീകരിച്ചാൽ അത് നിയമമായി മാറുമെന്നും, പിന്നീട് ഇത് നടപ്പാക്കുന്നത് തടയാൻ യു.ഡി.എഫ് സർക്കാരിന് സാധികില്ലെന്നും അദ്ദേഹം മുന്നറിപ്പ് നൽകി. ബില്ല് നിയമമാകുന്നതോടെ നികുതിയിളവ് അനുവദിച്ച നടപടി എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാൻ കഴിയില്ല.എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ നികുതിയിളവിനുള്ള നിർദ്ദേശം ഫിനാൻസ് ബില്ലിൽ ചേർത്ത ശേഷം യു.ഡി.എഫിലെ ചർച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളത് എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. ആൽക്കഹോൾ കണ്ടൻ്റ് 10 ശതമാനം വരെയുള്ള മദ്യത്തിന് 120 ശതമാനവും, 10 മുതൽ 20 വരെ 175 ശതമാനവും എന്ന നിലയിൽ ഇളവ് വരുത്താനാണ് ഫിനാൻസ് ബില്ലിൽ മുന്നോട്ട് വെച്ചിരിക്കുന്ന നിർദ്ദേശം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചു എന്ന ആരോപണം പൊളിയുന്ന കാഴ്ചയാണ് ഫിനാൻസ് ബില്ലിലെ ഇളവ് നിർദ്ദേശമെന്നും പിണറായി വിജയൻ പറഞ്ഞൂ.
കോൺഗ്രസിലെ ഒരു വിഭാഗവും, ഘടകകക്ഷികളും ഉന്നയിച്ച എതിർപ്പും ആശങ്കയും മദ്യനികുതിയിലെ ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിൻ്റെ തെളിവാണെന്നും തീരുമാനം തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി സതീഷൻ്റെ നീക്കം സ്വകാര്യ ലോബിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഫെയ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
Also Read: Kerala Weather Update: കട്ട കലിപ്പിൽ കാലവർഷം! നാടെങ്ങും മഴ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം
ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്. പക്ഷെ സഭയിൽ അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി 10% വരെ 120 ശതമാനവും 10 മുതൽ 20 വരെ 175 ശതമാനവും ആയി ഇളവ് ചെയ്യാനുള്ള ഭേദഗതി നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. ഇതാവട്ടെ വീര്യം കുറഞ്ഞ മദ്യം Horti wine കാറ്റഗറിയോട് ചേർത്താണ് ഭേദഗതി നിർദ്ദേശിച്ചതിൽ കാണുന്നത്. ഇതാദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ടിത ഐഎംഎഫ്എൽ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നൽകുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ LDF സർക്കാർ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ഫിനാൻസ് ബില്ലിലെ ഇളവ് നിർദ്ദേശം.
ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബിൽ പാസ്സായി നിയമത്തിൻ്റെ ഭാഗമാവുന്ന നികുതി നിർദ്ദേശം എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. അപ്പോൾ ആ നികുതിയിളവിനുള്ള നിർദ്ദേശം ഫിനാൻസ് ബില്ലിൽ ചേർത്ത ശേഷം യുഡിഎഫ് ചർച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്? ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്.
ബജറ്റ് അവതരിപ്പിച്ച സമയം മുതൽ അതിലുള്ള പ്രഖ്യാപനങ്ങളെ ന്യായീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി ബജറ്റിലെ നിർദ്ദേശങ്ങൾ നയപരമായി തങ്ങളുടെ രാഷ്ട്രീയ നിലപാടാണ് എന്ന് ആവർത്തിച്ച് പറയുന്നുണ്ട്. പക്ഷെ മദ്യനികുതി ഇളവിൻ്റെ കാര്യം വന്നപ്പോൾ യുഡിഎഫ് തീരുമാനം ആയിട്ടില്ലെന്ന വിചിത്ര വാദമാണ് പറഞ്ഞത്. പ്രതിപക്ഷവും മാധ്യമങ്ങളും ഒപ്പം മതസാമുദായിക സംഘടനകളും ഉയർത്തിയ അതിശക്തമായ വിമർശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിർപ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിൻ്റെ തെളിവാണ്.
എക്സൈസ് നയത്തിലെ മാറ്റം അറിഞ്ഞില്ലെന്ന നിലയാണ് എക്സൈസ് മന്ത്രിയും പങ്ക് വെച്ചത്. ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ കൈകടത്തി എന്ന അതൃപ്തിയാണ് ഭരണമുന്നണിയിൽ നിന്ന് തന്നെ ഉയർന്നു വരുന്നത്. ഇതിനെല്ലാം പരിഹാരമായി പറഞ്ഞ യുഡിഎഫ് ചർച്ച ഫിനാൻസ് ബിൽ സഭ അംഗീകരിച്ചു കഴിഞ്ഞാൽ പ്രഹസനമാവും. ധനകാര്യവകുപ്പ് അതാത് ഭരണ വകുപ്പിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് ബജറ്റ് നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്ന സുതാര്യ നടപടി ക്രമത്തിൽ നിന്നും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താൽപ്പര്യം മറ്റ് വകുപ്പുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതിയാണ് കാണുന്നത്. കോൺഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടത്.
തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ ‘ടീം യുഡിഎഫ്’ സങ്കൽപ്പം പോലും സ്വകാര്യവൽക്കരിച്ചിരിക്കുന്നു. മദ്യ കമ്പനികളും തീരദേശം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന കുത്തകകളുമാണ് ടീം യുഡിഎഫിലെ പുതിയ സഖ്യകക്ഷികൾ. മുന്നണിയോ മന്ത്രിസഭയോ അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി നിർണ്ണായക തീരുമാനമെടുത്ത ഒട്ടനവധി സന്ദർഭങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിൽ നടന്നത്.
മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം
English Summary
Opposition leader Pinarayi Vijayan sharply criticized the UDF government’s move to include tax relief for low-alcohol liquor in the Finance Bill. He warned the Chief Minister that once the assembly passes the bill, it becomes law, making it impossible for the government to freeze the tax cut via an executive order.