വിഐപി ലോഞ്ചിൽ ഇരുന്നു, ആരും വന്നില്ല! പിണറായിക്ക് വിമാനം കിട്ടാഞ്ഞതിൽ ഇന്ന് നടപടിക്ക് സാധ്യത
Pinarayi Vijayan's travel disrupted: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങിയ സംഭവത്തിൽ കേരളഹൗസിലെ ജീവനക്കാർക്ക് എതിരേ ഇന്ന് നടപടിക്ക് സാധ്യത. പിണറായിക്ക് വിമാനം ലഭ്യമാകാഞ്ഞതിൽ കേരളഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിനു വീഴ്ചയുണ്ടായെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫിസറടക്കം 3 പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് അഡിഷനൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് അറിയിച്ചിട്ടുണ്ട്.

Pinarayi Vijayan's Travel Disrupted
തിരുവനന്തപുരം: വിമാനത്തിൽ കയറാനാകാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ കേരളഹൗസിലെ ജീവനക്കാർക്ക് എതിരേ ഇന്ന് നടപടിക്ക് സാധ്യത. പിണറായിക്ക് വിമാനം ലഭ്യമാകാഞ്ഞതിൽ കേരളഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിനു വീഴ്ചയുണ്ടായെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണ് യാത്ര മുടങ്ങാൻ കാരണമെന്ന് കഴിഞ്ഞ ദിവസം അഡിഷനൽ റസിഡന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗം കണ്ടെത്തി. തുടർന്ന് സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫിസറടക്കം 3 പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് അഡിഷനൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് അറിയിച്ചിട്ടുണ്ട്.
സംഭവം ഇങ്ങനെ: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.50നുള്ള ഡൽഹി– കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കേരളത്തിലേക്ക് വരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ നേരത്തെ വിമാനത്താവളത്തിൽ എത്തിയെങ്കിലും അദ്ദേഹത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞില്ല.
ALSO READ: ഇന്നും പെരുമഴ തന്നെ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ
വിഐപി ലോഞ്ചിൽ ഇരുന്ന പിണറായി വിജയനെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതിന്റെ കാരണം എന്നാണ് റിപ്പോർട്ട്. വിമാനക്കമ്പനി അധികൃതരുമായി കൃത്യമായി ആശയവിനിമയം നടത്തുന്നതിൽ കേരളഹൗസ് പ്രോട്ടോക്കോൾ വിഭാഗം ജീവനക്കാർക്ക് വന്ന പോരായ്മയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിഐപി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളിൽ ലഭ്യമാകേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിണറായിക്ക് ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. ഇൻഡിഗോ കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് യാത്ര മുടങ്ങാൻ കാരണമെന്നായിരുന്നു നേരത്തേ കേരള ഹൗസ് അധികൃതരുടെ വാദം. എന്നാൽ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണ് യാത്ര മുടങ്ങാൻ കാരണമെന്ന് അഡിഷനൽ റസിഡന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തുകയായിരുന്നു.
ഇതോടെയാണ് കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ജീവനക്കാർക്കെതിരേ നടപടിക്ക് സാധ്യത തെളിഞ്ഞത്. പ്രതിപക്ഷനേതാവിന്റെ യാത്രാവിവരങ്ങൾ ഇൻഡിഗോ കമ്പനിക്ക് ഇ –മെയിൽ വഴി അയച്ചെങ്കിലും ഇതു വിമാനത്താവളത്തിൽ ലഭിച്ചെന്ന് ഉറപ്പാക്കിയില്ല എന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി വിലയിരുത്തപ്പെട്ടു. തുടർ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ.
ഇൻഡിഗോ വിമാനത്തിൽ കയറാൻ കഴിയാഞ്ഞതിനെ തുടർന്ന് ഏറെ നേരം കാത്തിരുന്ന ശേഷം പിന്നീട് മറ്റൊരു വിമാനത്തിലാണ് പ്രതിപക്ഷ നേതാവ് കോഴിക്കോടേക്ക് എത്തിയത്. പ്രതിപക്ഷനേതാവായ ശേഷം ഇതാദ്യമായി കേരള ഹൗസിലെത്തിയ പിണറായി വിജയന് ഉണ്ടായ ദുരനുഭവത്തിൽ ജീവനക്കാർക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെ കർശനമായ നടപടികൾ ഉണ്ടാകും എന്നാണ് സൂചന.
English Summary
Action is likely to be taken against Kerala House staff today in the incident where Opposition Leader Pinarayi Vijayan’s flight to Kerala was cancelled. It was confirmed yesterday that the protocol department of Kerala House was at fault in the incident where Pinarayi was not able to get a flight. Additional Resident Commissioner Aswathy Srinivas has announced that action will be taken against 3 people, including the protocol officer, in the incident.