കാല് മുക്കാലായി, നേരവും കാലവുമില്ലാതെ വൈദ്യുതി മുടക്കം! മഴകൊണ്ട് കെഎസ്ഇബിക്ക് ‘രണ്ടുണ്ട്’ ലാഭം
KSEB power cut Kerala: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൂടുതൽ കടുപ്പിച്ച് കെഎസ്ഇബി. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയിൽ വൈദ്യുതി നിയന്ത്രണ ഏർപ്പെടുത്തുമെന്നാണ് നേരത്തെ അറിയിപ്പ് വന്നിരുന്നത് എങ്കിലും എപ്പോൾ വേണമെങ്കിലും വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ് എന്ന് പരാതി ഉയരുന്നുണ്ട്. അതേസമയം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത് കെഎസ്ഇബിക്ക് ആശാസം പകരും.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൂടുതൽ കടുപ്പിച്ച് കെഎസ്ഇബി. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയിൽ വൈദ്യുതി നിയന്ത്രണ ഏർപ്പെടുത്തുമെന്നാണ് നേരത്തെ അറിയിപ്പ് വന്നിരുന്നത് എങ്കിലും നേരവും കാലവുമില്ലാതെ എപ്പോൾ വേണമെങ്കിലും വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ട് എന്ന പരാതി കൂടുതൽ ഉയർന്നുതുടങ്ങി. 15 മിനിറ്റ് വരെ നിയന്ത്രണം എന്നാണ് ഔദ്യോഗികമായി പറയപ്പെടുന്നത് എങ്കിലും പലയിടത്തും കാൽ മണിക്കൂറും അരമണിക്കൂറും കടന്ന് മുക്കാൽ മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ദേശീയതലത്തിൽ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവുകാരണം വൈദ്യുതി വാങ്ങാൻ കഴിയാത്തതും ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യവും മൂലമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നത് എന്നാണ് അധികൃതർ പറഞ്ഞത്.
വൈദ്യുതി നിയന്ത്രണത്തിലൂടെ 25-ന് 198 മെഗാവാട്ടും 26-ന് 158 മുതൽ 387 മെഗാവാട്ടും ശനിയാഴ്ച 514 മുതൽ 622 മെഗാവാട്ടും വരെ വൈദ്യുതി ഉപയോഗം കുറയ്ക്കാനായി എന്നാണ് അധികൃതരുടെ കണക്ക്. കഴിഞ്ഞ ദിവസം ഒരേ സമയം പലയിടത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ALSO READ: Kerala Weather Update: ഇന്നും പെരുമഴ തന്നെ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ
മഴകൊണ്ട് ‘രണ്ടുണ്ട്’ കാര്യം
കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത് കെഎസ്ഇബിക്ക് ആശാസം പകരും. അതിലൊന്ന് അണക്കെട്ടുകളിൽ ജലം വർധിക്കും എന്നത് തന്നെ, രണ്ടാമത്തേത് അൽപ്പം വളഞ്ഞ വഴിയിലൂടെയുള്ള നേട്ടമാണ്. മഴയുള്ളതിനാൽ ചൂട് കുറവാണ് എന്നതിനാൽ വീടുകളിലെ വൈദ്യുതി ഉപയോഗം വേനൽക്കാലത്തെ അപേക്ഷിച്ച് വളരെ കുറയും എന്നതാണ് മറ്റൊരു നേട്ടം.
പരസ്യമായ രഹസ്യം എന്ന പോലെ മഴകൊണ്ട് കെഎസ്ഇബിക്ക് മറ്റൊരു ഗുണം കൂടിയുണ്ട് എന്ന് തമാശയായി പറയപ്പെടുന്നുണ്ട്, വൈദ്യുതി മുടക്കം വന്നാലും അത് മഴയുടെ തലയിൽ കെട്ടിവയ്ക്കാം എന്നതാണത്. എന്തായാലും കെഎസ്ഇബി അധികൃതരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി വൻ തലവേദനയാണ്. മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ ശരാശരി 17 ശതമാനമേ വെള്ളമുള്ളൂ, വൈദ്യുതി ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ മഴപെയ്തതുകൊണ്ട് മാത്രം കെ എസ്ഇബിക്ക് നേട്ടമില്ല, വടക്കേ ഇന്ത്യയിലും മഴപെയ്താലേ കേരളത്തിന്റെ രാത്രികാല ആവശ്യത്തിന് ആവശ്യമായ വൈദ്യുതി വാങ്ങാൻ കിട്ടൂ എന്നതാണ് നിലവിലെ അവസ്ഥ. എങ്കിലേ പവർകട്ടും ഒഴിവാക്കാനാകൂ.
എൽ നിനോ പ്രതിഭാസത്തിൻറെ സ്വാധീനത്തെത്തുടർന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയർന്നതിനാൽ വൈദ്യുതി ആവശ്യകത ഗണ്യമായി വർധിച്ചുവെന്നാണ് റിപ്പോർട്ട്. അതിനാൽ എല്ലായിടത്തും വൈദ്യുതി ദൗർലഭ്യം അനുഭവപ്പെടുന്നതായും പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങാൻ കഴിയാതെ വരുന്നുവെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. വരുംദിവസങ്ങളിൽ മൺസൂൺ ശക്തിപ്രാപിക്കുകയും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിക്കുകയും ചെയ്താൽ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് കെഎസ്ഇബി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
English Summary
KSEB has tightened power restrictions in the state. Although it was earlier announced that power restrictions would be imposed between 6 pm and midnight, there are complaints that power cuts are occurring at any time. Meanwhile, the renewed rains in Kerala will give hope to KSEB. The monsoon will help reduce power consumption and increase power generation as water flow to dams increases.