Student beaten: ചേട്ടാ എന്ന് വിളിച്ചില്ല, പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം
Plus One student beaten: ചേട്ടാ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥി ബ്രോ എന്നാണ് വിളിച്ചത്. ഇതിൽ പ്രകോപിതരായ രണ്ട് പ്ലസ്ടു വിദ്യാർഥികളാണ് വിദ്യാർത്ഥിയെ ഉപദ്രവിച്ചത്.
പത്തനംതിട്ട: ചേട്ടാ എന്ന് വിളിക്കാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം. പരിക്കേറ്റ വിദ്യാർത്ഥിയെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായിട്ടുണ്ട്. മോണയ്ക്കും പരിക്കേറ്റു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിനാണ് കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്കൂൾ ഹോസ്റ്റലിൽ സംഭവം. കോന്നി അട്ടച്ചാക്കൽ സ്വദേശിയായ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ ഹോസ്റ്റൽ ശൗചാലയത്തിൽ വെച്ച് മർദിക്കുകയായിരുന്നു. ചേട്ടാ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥി ബ്രോ എന്നാണ് വിളിച്ചത്. ഇതിൽ പ്രകോപിതരായ രണ്ട് പ്ലസ്ടു വിദ്യാർഥികളാണ് വിദ്യാർത്ഥിയെ ഉപദ്രവിച്ചത്.
ALSO READ: ജൂനിയർ ഡോക്ടർക്ക് നേരെ അതിക്രമം; തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ഏഴ് നഴ്‌സുമാർക്കെതിരെ നടപടി
വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും മൂക്കിന് പരിക്കേറ്റ വിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവച്ചെന്നും പിതാവ് ആരോപിച്ചു. ഹോസ്റ്റൽ വാർഡനെതിരേയും മകനെ മർദിച്ച വിദ്യാർഥികൾക്കെതിരേയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. മണർകാട്ടെ ആശുപത്രയിൽനിന്നുള്ള വിവരത്തെത്തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് ചൊവ്വാഴ്ച എത്തി വിദ്യാർഥിയുടെ മൊഴിയെടുത്തു. റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയിട്ടുണ്ട്. ബോർഡിന്റെ തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.