AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Shri Scheme Kerala: പിഎം ശ്രീ വിവാദത്തില്‍ ഇടതുമുന്നണി പുകയുന്നു; സിപിഎമ്മിലും അതൃപ്തി; പ്രതിഷേധം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍

PM Shri controversy Kerala: പിഎം ശ്രീ വിവാദത്തില്‍ എല്‍ഡിഎഫ് നീറിപ്പുകയുന്നു. സിപിഐ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. എഐഎസ്എഫും, എഐവൈഎഫും പ്രതിഷേധം ശക്താക്കാന്‍ ഒരുങ്ങുകയാണ്. സിപിഎമ്മിനുള്ളിലും അതൃപ്തിയുണ്ടെന്നാണ് സൂചന

PM Shri Scheme Kerala: പിഎം ശ്രീ വിവാദത്തില്‍ ഇടതുമുന്നണി പുകയുന്നു; സിപിഎമ്മിലും അതൃപ്തി; പ്രതിഷേധം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍
പിണറായി വിജയൻ, വി ശിവൻകുട്ടി, ബിനോയ് വിശ്വം, എം വി ഗോവിന്ദൻImage Credit source: Facebook
jayadevan-am
Jayadevan AM | Updated On: 25 Oct 2025 06:07 AM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളം ഭാഗമായതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവാദത്തില്‍ ഇടതുമുന്നണി നീറിപ്പുകയുകയാണ്. പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവച്ചതിനെതിരെ ആദ്യം പൊട്ടിത്തെറിച്ചത് എല്‍ഡിഎഫിലെ രണ്ടാമത്തെ പ്രമുഖ പാര്‍ട്ടിയായ സിപിഐയാണ്. പാര്‍ട്ടിയുടെ നിലപാട് തുറന്നുപറയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നണിക്കെതിരെ ആഞ്ഞടിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് ബിനോയിയുടെ വിമര്‍ശനം. മന്ത്രിസഭയില്‍ വിഷയം ചര്‍ച്ചയായിട്ടില്ലെന്നും ബിനോയ് തുറന്നടിച്ചു.

ഇടതുമുന്നണി ശൈലി ഇതല്ലെന്നും, ഇങ്ങനെയാകരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ അടക്കമുള്ള മുന്നണിയിലെ പാര്‍ട്ടികളെ ഇരുട്ടില്‍ നിര്‍ത്തി. എന്‍ഇപിയെ ഷോക്കേസ് ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്നും ബിനോയ് വിശ്വം ആരോപിച്ചു.

സംഭവത്തില്‍ മുന്നണി കണ്‍വീനര്‍ക്കും ഘടക കക്ഷികള്‍ക്കും സിപിഐ കത്തയച്ചിട്ടുണ്ട്. 27ന് ആലപ്പുഴയില്‍ ചേരുന്ന എക്‌സിക്യൂട്ടീവില്‍ വിഷയം ചര്‍ച്ചയാകും. സിപിഐ കര്‍ശന നിലപാടികളിലേക്ക് പോകുമോയെന്ന ചോദ്യമുയരുന്നുണ്ട്. സിപിഐ ഇടതുമുന്നണി വിടാന്‍ സാധ്യതയില്ലെങ്കിലും, തങ്ങളുടെ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്ന് അഭ്യൂഹമുയരുന്നുണ്ട്. വിഷയത്തില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് സിപിഎമ്മിന് കത്ത് നല്‍കിയിട്ടുണ്ട്. നന്ദിഗ്രാം ഓര്‍മിപ്പിച്ചായിരുന്നു ഈ കത്ത്.

സിപിഎമ്മിലും അതൃപ്തി

സിപിഎമ്മിനുള്ളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നണിയില്‍ തര്‍ക്കമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അവകാശവാദം. കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് പിഎം ശ്രീയില്‍ ആദ്യം ഒപ്പിട്ടതെന്നും ഗോവിന്ദന്‍ ആരോപിച്ചു. വിഷയം സിപിഐ ഉള്‍പ്പെടെയുള്ള മുന്നണിയിലെ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ നയം മുഴുവന്‍ സര്‍ക്കാരിന് നടപ്പാക്കാനാകില്ലെന്ന വിചിത്ര വാദവും അദ്ദേഹം ഉന്നയിച്ചു.

തന്ത്രപരമായ തീരുമാനം

നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രരപരമായ നീക്കമാണ് ഇതെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ വിശദീകരണം.

പിഎം ശ്രീയില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ സംസ്ഥാനത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി സമഗ്ര ശിക്ഷാ ഫണ്ടുകള്‍ ലഭിച്ചില്ല. സംസ്ഥാനത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രീയ ഉള്ളടക്കത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Also Read: പിഎം ശ്രീ വിഷയത്തിൽ പ്രതിഷേധം; മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍

പ്രതിഷേധം ശക്തമാകും

കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായതിനെതിരെ സിപിഐയുടെ വിദ്യാര്‍ത്ഥി, യുവജനസംഘടനകളായ എഐഎസ്എഫും, എഐവൈഎഫും പ്രതിഷേധം ശക്തമാക്കുകയാണ്. സംഘടനകള്‍ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധിക്കും. തിങ്കളാഴ്ച ജില്ലകളില്‍ പ്രതിഷേധം നടത്താനാണ് തീരുമാനം.

പദ്ധതിയില്‍ നിന്ന് കേരളം പിന്മാറുന്നതുവരെ പ്രതിഷേധം തുടരാനാണ് നീക്കം. കണ്ണൂരില്‍ ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു. സംസ്ഥാനം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായതില്‍ ആശങ്കയുണ്ടെന്നാണ് എസ്എഫ്‌ഐയുടെയും നിലപാട്. എന്നാല്‍ എസ്എഫ്‌ഐ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കാന്‍ സാധ്യതയില്ല.