Rahul Mamkoottathil: ഇയാൾ ലക്ഷണമൊത്ത സംഘിക്കുട്ടി; നേമത്ത് ബിജെപി എംഎൽഎ തോറ്റിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
നേമത്ത് ബിജെപി MLA തോറ്റെന്ന് ആരാണ് പറഞ്ഞതെന്നും ശ്രീ.പി.എം MLA സംഘിക്കുട്ടി എന്നുമാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കേന്ദ്രസർക്കാറിന്റെ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാനം ഒപ്പുവച്ചതിന് പിന്നാലെയാണ് പോസ്റ്റുമായി രാഹുൽ എത്തിയിരിക്കുന്നത്. പത്ര സമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി, അയാൾ ശിവൻ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ് എന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്. നേമത്ത് ബിജെപി MLA തോറ്റെന്ന് ആരാണ് പറഞ്ഞതെന്നും ശ്രീ.പി.എം MLA സംഘിക്കുട്ടി എന്നുമാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിട്ട വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് സിപിഐയുടെ യുവജന വിഭാഗമായ എ ഐ വൈ എഫ്. മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനമാണ് എ ഐ വൈ എഫ് ഉയർത്തുന്നത്. കേന്ദ്രസർക്കാരിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ കൂട്ടുനിന്നുവെന്നും നാലു വെള്ളി കാശിന് വേണ്ടി കേരളത്തിന്റെ മതേതര നിലപാടുകളെ ഒറ്റിക്കൊടുത്തുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
സംസ്ഥാനത്ത് എൽഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐ യുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മന്ത്രിയുടെ നടപടിയിൽ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സിപിഐയുടെ യുവജന വിഭാഗത്തിന്റെ പ്രതിഷേധം. മുന്നണി മര്യാദകൾ ലംഘിച്ചു കൊണ്ടാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് എന്നാണ് പ്രധാന വിമർശനം. ഇത് എൽഡിഎഫിന്റെ ശൈലി അല്ല. ഈ വിഷയത്തിൽ മുന്നണിയിലും അന്തിമ മന്ത്രിമാർക്കിടയിലും ഒരു ചർച്ചയും നടന്നിട്ടില്ല. ഘടകകക്ഷികളെ ഇരുട്ടിലാക്കി കൊണ്ടാണ് തീരുമാനമെന്നും സിപിഐ ആരോപിക്കുന്നു.