PM Shri Controversy: പിഎം ശ്രീ തുടര്‍നടപടികള്‍ മരവിപ്പിച്ചു; സിപിഐയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വഴങ്ങി സിപിഎം?
PM Shri further actions in Kerala frozen: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. സ്‌കൂള്‍ പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ മരവിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല
തിരുവനന്തപുരം: ഇടതുമുന്നണിയെ പിടിച്ചുലച്ച പിഎം ശ്രീ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിപിഐക്ക് വഴങ്ങുന്നുവെന്ന് സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ മരവിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. സിപിഐയുമായി അനുനയിപ്പിച്ചതിനുശേഷമാകും പദ്ധതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നല്‍കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്കും, വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. ഇടതുമുന്നണിയിലെ ഭിന്നത അവസാനിച്ചതിനു ശേഷം പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്മാറണമെന്നാണ് സിപിഐയുടെ ആവശ്യം. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോയതില്‍ സിപിഐ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന മന്ത്രിസഭാ സമ്മേളനത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കാനും തീരുമാനമായിരുന്നു. പാര്‍ട്ടി എക്‌സിക്യൂട്ടീവിലും, സെക്രട്ടേറിയറ്റിലുമാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാന്‍ ധാരണയായത്. നേരത്തെ കായല്‍ കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി രാജി വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചിരുന്നു.
പിന്നീട് പല വിഷയങ്ങളിലും സിപിഐയും സിപിഎമ്മും തമ്മില്‍ ഭിന്നതയുണ്ടായെങ്കിലും ഇത്തരമൊരു കടുത്ത പ്രതിഷേധത്തിലേക്ക് കടന്നിരുന്നില്ല. എന്നാല്‍ പിഎം ശ്രീ പദ്ധതിയില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നത് തങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെടുത്തുമെന്ന വിലയിരുത്തലിലാണ് സിപിഐ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മന്ത്രിസഭാ ബഹിഷ്‌കരണത്തിലേക്ക് കടക്കുന്നത്. യഥാര്‍ത്ഥി ഇടതുമുന്നണി രാഷ്ട്രീയം പേറുന്നത് തങ്ങളാണെന്ന് അവകാശവാദം ശക്തമാക്കുക കൂടിയാണ് സിപിഐയുടെ ലക്ഷ്യം.
എന്നാല്‍ പിഎം ശ്രീ തുടര്‍നടപടികള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ ബഹിഷ്‌കരണത്തില്‍ നിന്ന് സിപിഐ പിന്മാറുമോയെന്ന് വ്യക്തമല്ല. തുടര്‍നടപടികള്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.