PM Shri Schools scheme:‘പിഎം ശ്രീ ഏത് നിമിഷവും റദ്ദാക്കാം; കേരളത്തിന് ആവശ്യം ഇല്ല- മന്ത്രി
PM Shri Mou: കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ലെന്നും ആർഎസ്എസ് നിർദ്ദേശം ഇവിടെ പഠിപ്പിക്കും എന്നത് കെ സുരേന്ദ്രന്റെ സ്വപ്നം ആണെന്നും മന്ത്രി മുൻ ബിജെപി അധ്യക്ഷന് മറുപടി നൽകി.

V Shivankutty
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ നിന്നും കേരളത്തിന് ഏത് നിമിഷവും പിന്മാറാം എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് പി എം ശ്രീ എന്നും ധാരണപത്രം ഏത് നിമിഷവും റദ്ദാക്കാമെന്നും അദ്ദേഹം പറഞ്ഞു. പിന്മാറണമെങ്കിൽ ഇരുപക്ഷവും തമ്മിൽ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെയൊരു അവകാശം രണ്ട് കക്ഷികൾക്കും ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. 47 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ ഫണ്ട് വാങ്ങാതിരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. എൻ ഇ പി യിൽ പറയുന്ന എട്ടുകാര്യങ്ങളാണ് കേരളത്തിൽ നടപ്പിലാക്കിയത്. കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ലെന്നും ആർഎസ്എസ് നിർദ്ദേശം ഇവിടെ പഠിപ്പിക്കും എന്നത് കെ സുരേന്ദ്രന്റെ സ്വപ്നം ആണെന്നും മന്ത്രി മുൻ ബിജെപി അധ്യക്ഷന് മറുപടി നൽകി.
അതൊരിക്കലും ഇവിടെ നടപ്പാക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പി എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. എസ് എസ് കെ ഫണ്ട് മാത്രം മതി. അത് നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ നിയമപദേശം തേടിയതാണ്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകേണ്ടതില്ല. എം ഒ യു ഒപ്പിട്ടാൽ തന്നെ ബാക്കി ഫണ്ട് കിട്ടും എന്നും മന്ത്രി പറഞ്ഞു. കൂടാതെ കേരളത്തിൽ ഒന്നു മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ ഇതിനോടകം തന്നെ പ്രിന്റ് ചെയ്തു കഴിഞ്ഞു എന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.