PMA Salam: ‘പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവാകരുത്’; രൂക്ഷ വിമർശനവുമായി പിഎംഎ സലാം
PMA Salam Criticise Pinarayi Vijayan: ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്നാണ് സലാം ആഞ്ഞടിച്ചത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഇന്നേവരെ പിന്നോട്ട് പോകുന്നത് കണ്ടിട്ടില്ല. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നിയമത്തിന് മുന്നിൽ കൊണ്ടുവരും.

പിണറായി വിജയൻ, പിഎംഎ സലാം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു ദിവസം പിന്നിടുമ്പോൾ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്നാണ് സലാം ആഞ്ഞടിച്ചത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ഇന്നേവരെ പിന്നോട്ട് പോകുന്നത് കണ്ടിട്ടില്ല. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നിയമത്തിന് മുന്നിൽ കൊണ്ടുവരും.
എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് നല്ല പ്രതിച്ഛായ ഉണ്ടാക്കിയെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് യുഡിഎഫിന് സഹായകരമായി. ഇനിയും സഹായിച്ചാൽ പ്രതിപക്ഷം ഉണ്ടാകില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. അതേസമയം, കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ ഇതിനോടകം തന്നെ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി വേണുഗോപാൽ പക്ഷം അവകാശ വാദം ഉന്നയിക്കുന്നത്.
ALSO READ: വാഗ്ദാനങ്ങളെല്ലാം പാലിക്കും! മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിരീക്ഷകര്‍ കേരളത്തിലേക്ക്
നിരീക്ഷർ ലക്ഷ്യമിടുന്നത്
സംസ്ഥാനത്തെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് കോൺഗ്രസ് നിരീക്ഷകരെ ഏർപ്പെടുത്തുന്നത്. എംഎൽഎമാർക്ക് പുറമെ എംപിമാരോടും മുതിർന്ന നേതാക്കളോടും ഇതുസംബന്ധിച്ച് നിരീക്ഷകർ സംസാരിക്കും. എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
ആരാകും വരുന്ന അഞ്ച് വർഷം കേരളത്തിൻ്റെ ക്യാപ്റ്റനെന്ന് ഉറ്റനോക്കുകയാണ് സംസ്ഥാനം. കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മർദ്ദം പാർട്ടിക്കില്ലെന്നത് ആശ്വാസമാണ്. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തണമെന്നനാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം നിലവിൽ ചർച്ചകളിൽ ഇല്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
കേരളം ഭരിക്കാൻ യുഡിഎഫ്
ഇടതുഭരണത്തെ അടപടലം പിഴുതെറിഞ്ഞാണ് യുഡിഎഫ് വേരുകൾ കേരളത്തിലാകെ പടർന്ന് പിടിച്ചിരിക്കുന്നത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയ ചരിത്രമുന്നേറ്റമാണ് ഇന്നലെ ഫലം പുറത്തുവന്നപ്പോൾ കാണാൻ സാധിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ലഭിച്ചത്. പ്രമുഖ മന്ത്രിമാരുടെയടക്കം വേരുകൾ പറിച്ചെറിഞ്ഞുകൊണ്ട് എൽഡിഎഫിൻ്റെ പല കോട്ടകളും തകർത്തിരിക്കുകയാണ് യുഡിഎഫ്.
ഭരണവിരുദ്ധ വികാരവും, അടിച്ചമർത്തലുകളും, ശബരിമല സ്വർണകൊള്ളയും വോട്ടുകളെ കാര്യമായി സ്വാധീനിച്ചതായാണ് വിലയിരുത്തലുകൾ. 102 സീറ്റുകൾ നേടിയാണ് കോൺഗ്രസ് കേരളത്തിൽ വേരൂന്നിയത്. എന്നാൽ 35 സീറ്റുകൾ നേടികൊണ്ട് തങ്ങളുടെ തോൽവി സമ്മതിച്ച് പ്രതിപക്ഷത്തേക്ക് നീങ്ങാനൊരുങ്ങുകയാണ് എൽഡിഎഫ്. മോശമല്ലാത്ത രീതിയിൽ തന്നെ ബിജെപിയും സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിരിക്കുകയാണ്. മൂന്ന് സീറ്റുകൾ നേടിയ ബിജെപിക്ക് പലയിടത്തും രണ്ടാം സ്ഥാനം ലഭിച്ചത് ശുഭപ്രതീക്ഷയാണ്.
English Summary:
After kerala assembly election result 2026, LDF faces more criticism from other party. IUML State General Secretary PMA Salam has attack Pinarayi Vijayan on their historic defeat. He says Pinarayi Vijayan has any self respect then he should not become opposition leader.