Salim Kumar: എവിടെയായാലും ക്യാമറ ഉപയോഗം ഔചിത്യപൂര്‍വ്വമാകണം; സ്വകാര്യത ലംഘിച്ചാല്‍ 3 വര്‍ഷം വരെ തടവും 2 ലക്ഷം പിഴയും
Salim Kumar's Funeral: Police Warn of Strict Action Over Privacy Violations: മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കുന്നു. ഇന്ത്യ ശിക്ഷാ നിയമത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമം 2000 പ്രകാരം മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും അനുഭവിക്കേണ്ടി വന്നേക്കാം.

സലീം കുമാര്‍, കേരള പോലീസ് ലോഗോ
കൊച്ചി: മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന രീതിക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. നടന്‍ സലീം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മറ്റാളുകളുടെയും അമിതമായ ക്യാമറ ഉപയോഗം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിവാദമായതിന് പിന്നാലെയാണ് പോലീസിന്റെ അറിയിപ്പ്. എവിടെയായാലും ക്യാമറ ഉപയോഗം ഔചിത്യപൂര്‍വ്വമാകണമെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമം 2000 പ്രകാരം മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും അനുഭവിക്കേണ്ടി വന്നേക്കാം.
പോലീസ് പങ്കുവെച്ച പോസ്റ്റ്
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈല്‍ കാമറകള്‍ കൊണ്ടുചെല്ലുന്നവര്‍ അറിയാനാണ്. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലര്‍ക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓര്‍മ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാം. ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമം 2000 സെക്ഷന്‍ 66ഇ പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പോലീസിന്റെ അറിയിപ്പ്
സംസ്‌കാര ചടങ്ങിനിടെ തിക്കും തിരക്കും
നടന്‍ സലീം കുമാറിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് കൊച്ചി ടൗണ്‍ ഹാളിലേക്കും പറവൂരിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കും എത്തിയത്. എന്നാല്‍ ആ വീട്ടിലെ സാഹചര്യങ്ങളോ കുടുംബത്തിന്റെയോ അവസ്ഥയോ പരിഗണിക്കാതെ കൂട്ടംകൂടി നിന്നവരെല്ലാം ചടങ്ങുകളും ഭാര്യയുടെയും മക്കളുടെയുമെല്ലാം നിലവിളികളും ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.
ക്യാമറക്കാരുടെയും മറ്റും തിക്കും തിരക്കും കാരണം സംസ്‌കാര ചടങ്ങുകളും മറ്റും നടത്താന്‍ സാധിക്കാതെ വന്നതോടെ, സലീം കുമാറിന്റെ മൂത്തമകനും നടനുമായ ചന്തു സലീം കുമാര്‍ പൊട്ടിത്തെറിച്ചു. എന്താടോ എന്താണ് നിങ്ങള്‍ക്ക് വേണ്ടത്, മാറിനില്‍ക്ക്, എന്ന് പറയുന്ന ചന്തുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.
ആ കുടുംബത്തിന്റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള ആളുകളുടെ കടന്നുകയറ്റം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. മറ്റൊരാളുടെ ദുഃഖം പോലും ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്ന ആളുകളെ എവിടെയും അടുപ്പിക്കരുതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
സലീം കുമാറിന്റെ വീട്ടിലേക്ക് എത്തിയ ആളുകളെ നിയന്ത്രിക്കാന്‍ പോലീസിന് സാധിക്കാതെ വന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പോലീസ് കൃത്യമായ ഇടപെടലുകള്‍ നടത്തിയിരുന്നുവെങ്കില്‍ ചന്തുവിന് അത്തരത്തില്‍ സംസാരിക്കേണ്ടി വരില്ലെന്നാണ് അഭിപ്രായം. സലീം കുമാറിനെ കാണാനെത്തുന്ന താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നവരും നിരവധിയായിരുന്നു. സിവിക് സെന്‍സില്ലാതെ പെരുമാറുന്ന ഇത്തരക്കാരെ തടയാന്‍ ആവശ്യമായ നടപടികള്‍ പോലീസും സര്‍ക്കാരും സ്വീകരിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നു.
English Summary
Authorities have issued a warning about strict action against privacy violations following reported disruptions and crowding by media personnel during the funeral ceremonies of Salim Kumar. The incident has reignited discussions about privacy and media conduct during sensitive events.