Pooja Diwali Travel: നാട്ടിലേക്ക് വരാൻ വഴി തെളിഞ്ഞു! കോട്ടയം വഴി പ്രത്യേക ട്രെയിൻ; ബെംഗളൂരുവിലേക്ക് കെഎസ്ആർടിസിയും
Pooja Diwali Holidays 2026 Train Service: ഉത്സവസീസണുകളിൽ ട്രെയിനിലെ ടിക്കറ്റ് ക്ഷാമവും സ്വകാര്യ ബസുകളുടെ അമിത ചാർജ് ഈടാക്കലും പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേ കോട്ടയം വഴി പ്രത്യേക ട്രെയിൻ സർവീസുകളും, കെഎസ്ആർടിസി (KSRTC) ബെംഗളൂരുവിലേക്ക് കൂടുതൽ സ്പെഷ്യൽ ബസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 15 മുതൽ നവംബർ 21വരെ കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്.
തിരുവനന്തപുരം: പൂജ, ദീപാവലി ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാനിരിക്കുന്ന മലയാളി യാത്രക്കാർക്ക് ആശ്വാസവാർത്തയായിട്ടാണ് റെയിൽവേ എത്തിയിരിക്കുന്നത്. ഉത്സവസീസണുകളിൽ ട്രെയിനിലെ ടിക്കറ്റ് ക്ഷാമവും സ്വകാര്യ ബസുകളുടെ അമിത ചാർജ് ഈടാക്കലും പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേ കോട്ടയം വഴി പ്രത്യേക ട്രെയിൻ സർവീസുകളും, കെഎസ്ആർടിസി (KSRTC) ബെംഗളൂരുവിലേക്ക് കൂടുതൽ സ്പെഷ്യൽ ബസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പൂജ, ദീപാവലി കാലത്ത് മുംബൈയിലേക്കും തിരിച്ചും കോട്ടയം വഴി പ്രതിവാര പ്രത്യേക ട്രെയിൻ സർവീസാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്തിൽനിന്ന് (പഴയ കൊച്ചുവേളി) കുർള എൽടിടിയിലേക്കാണ് സർവീസ്. ഒക്ടോബർ 15 മുതൽ നവംബർ 21വരെ കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. നാട്ടിലേക്ക് വരുന്നവർക്ക് പുറമേ, പൂജ, ദീപാവലി അവധിക്കാലത്ത് കൊങ്കൺ, ഗോവ, എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്നവർക്കും ഈ ട്രെയിൻ സർവീസ് ഉപകാരപ്രദമാകും.
ALSO READ: കൊച്ചി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷണം
ട്രെയിൻ സർവീസിൻ്റെ കൂടുതൽ വിവരങ്ങൾ
എൽടിടി തിരുവനന്തപുരം നോർത്ത് (01463): ഒക്ടോബർ 15-മുതൽ നവംബർ 19 വരെയാണ് ഈ സർവീസുണ്ടാവുക. വ്യാഴാഴ്ചകളിൽ എൽടിടിയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാത്രി 11.30 ന് തിരുവനന്തപുരം നോർത്തിൽ എത്തും.
തിരുവനന്തപുരം നോർത്ത് എൽടിടി (01464): ഒക്ടോബർ 17 മുതൽ നവംബർ 21 വരെയാണ് ഈ സർവീസുണ്ടാവുക. ശനിയാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാത്രി 11.55-ന് എൽടിടിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം വഴി തിരുവനന്തപുരം വരെയാണ് സർവീസ് ഉണ്ടാവുക. എ.സി 2-ടയർ, 3-ടയർ, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ ഉൾപ്പെടെ സർവീസിലുണ്ടാകും.
ബെംഗളൂരു- മൈസൂരു കെഎസ്ആർടിസി
വാരാന്ത്യങ്ങളിലെയും ഉത്സവകാലങ്ങളിലെയും യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും അന്തർസംസ്ഥാന സ്പെഷ്യൽ ബസുകൾ സർവീസ് നടത്തും. ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണിത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, തിരുവനന്തപുരം, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്നു കണ്ണൂരിലേക്കുമാണ് പ്രത്യേക സർവീസുകൾ. ചിലബസുകൾ ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ് നടത്തുക. തിരക്കനുസരിച്ചു കൂടുതൽ സ്‌പെഷൽ സർവീസുകൾ ഇറക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary:
Planning your trip home for Pooja and Diwali 2026? Southern Railway has announced special trains via Kottayam, and KSRTC is operating extra Swift buses to Bengaluru. Find complete schedules And route details.