മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18-ാം വർഷം വിധി എത്തി; രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 9 പേർക്ക് ജീവപര്യന്തം
Mannanthala Ranjith Murder Case Verdict: ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്ത് മണ്ണന്തലയിലെ കോട്ടമുകളിലെ തന്റെ ബേക്കറിയിൽ നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന ശംഖുമുഖത്തെ വാടകവീട്ടിലാണ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിലെ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 9 പ്രതികൾക്ക് ജീവപര്യന്തവും കഠിന തടവ് വിധിച്ചു. ആർഎസ്എസ് മണ്ണന്തല മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാറിനും പതിനൊന്നാം പ്രതി കരാട്ടെ സുരേഷിനുമാണ് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. 2008 ഒക്ടോബർ 17ന് നടന്ന കൊലപാതകത്തിൽ, 18 വർഷങ്ങൾക്കിപ്പുറമാണ് പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രഞ്ജിത്. ഇതിന് പ്രതികാരമായിട്ടായിരുന്നു കൊലപാതകം.
രഞ്ജിത്ത് വധക്കേസിൽ ആകെ 12 പ്രതികളുള്ള കേസിൽ 10 പേർക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞിരുന്നു. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. അമ്പലമുക്ക് ക്യഷ്ണകുമാർ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ്, ഫിറോസ് ഖാൻ, വിഷ്ണു വിനോദ്, ശങ്കരസുബ്രഹ്മണ്യം, ഗോഡ്വിൻ ഡെന്നീസ്, ഹരിപ്രസാദ്, അജികുമാർ, രജ്ഞിത്ത് കുമാർ, സുരേഷ് എന്ന കരാട്ടെ സുരേഷ് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ.
മണ്ണന്തലയിലെ കോട്ടമുകളിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന ശംഖുമുഖത്തെ വാടകവീട്ടിലാണ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഒന്നാം പ്രതി കൃഷ്ണകുമാറിന്റെ കയ്യിലെ മുറിവും അതിന് നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജപ്പേരിൽ ചികിത്സ തേടിയതും കേസിൽ നിർണായക തെളിവായി.
കൃഷ്ണകുമാറിന്റെ ഉറ്റസുഹൃത്തായ വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. വിഷ്ണുവിന്റെ മരണത്തിനുള്ള പ്രതികാരമായി നടന്ന രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് അഞ്ചു പേരാണെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. മറ്റു പ്രതികൾ ഗൂഢാലോചനയിലും കൊലപാതകത്തിന് സഹായം നൽകുന്നതിലും പങ്കാളികളായെന്നും കുറ്റപത്രം പറയുന്നു. 41 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 155 രേഖകളും 75 തൊണ്ടിമുതലുകളും ഹാജരാക്കി.
English Summary
In the case concerning the murder of Ranjith in Mannanthala, Thiruvananthapuram, two of the accused have been sentenced to double life imprisonment, while nine others have been handed life sentences with rigorous imprisonment. Out of the 12 individuals accused in the case, 10 were found guilty of murder. One of the accused did not face trial as he remains in hiding. The sentencing comes 18 years after the murder, which took place on October 17, 2008.