Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം; എസ്‌ഐടി റിപ്പോര്‍ട്ടും കോടതിയിലേക്ക്
Rahul Mamkootathi's bail plea: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. എസ്‌ഐടി റിപ്പോര്‍ട്ടും കോടതിയിലെത്തും.
പത്തനംതിട്ട: പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. എസ്‌ഐടി റിപ്പോര്‍ട്ടും കോടതിയിലെത്തും. ആദ്യ കേസിലെ അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ രാഹുലിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കും.
നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ആദ്യ കേസിലെ അതിജീവിച്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും, താന്‍ നേരിട്ടത് അതിക്രൂര പീഡനമാണെന്നും അതിജീവിത ആരോപിച്ചു.
പ്രതി ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു. ആ ദൃശ്യങ്ങള്‍ രാഹുലിന്റെ ഫോണില്‍ ഇപ്പോഴുമുണ്ട്. രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ വീഡിയോ പുറത്താകുമെന്ന് ഭയക്കുന്നുവെന്നും അതിജീവിത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Also Read: Rahul Mamkootathil: രാഹുലിന് തിരിച്ചടി; ജാമ്യഹര്‍ജി തളളി, ജയിലില്‍ തുടരും
പാലക്കാട്ടെ ഫ്ലാറ്റിൽ വച്ചാണ് പീഡിപ്പിച്ചത്. ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു. സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിക്കുന്നത് വീഡിയോ കോളിലൂടെ കണ്ട് രാഹുല്‍ ഉറപ്പുവരുത്തി. ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങളുള്ള സ്ത്രീകളെ വശീകരിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിക്കുകയാണ് പ്രതി ചെയ്യുന്നതെന്നും അതിജീവിത ആരോപിച്ചു.
തനിക്കേറ്റ പരിക്കുകള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങളും യുവതി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം ഭീഷണിപ്പെടുത്തുന്ന ചാറ്റുകളുടെയും, ശബ്ദസന്ദേശങ്ങളുടെയും വിശദാംശങ്ങളും സത്യവാങ്മൂലത്തിലുണ്ട്. രാഹുല്‍ പ്രതിയായ പത്തോളം കേസുകളെക്കുറിച്ച് എസ്‌ഐടിക്ക് വിവരമുണ്ട്. അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. രാഹുലിന് ജാമ്യം ലഭിച്ചാല്‍ അത് ഇനി മുന്നോട്ടുവരാനുള്ള പരാതിക്കാരെ നിശബ്ദമാക്കുമെന്നും പരാതിക്കാരി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.