Rahul Mamkootathil: മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ല, രാഹുലിനെ അറസ്റ്റു ചെയ്യാന്‍ പൊലീസ്
Rahul Mamkootathil Case: രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യാന്‍ ഊര്‍ജ്ജിത നീക്കം. ജാമ്യാപേക്ഷയിലെ കോടതി തീരുമാനം വരെ പൊലീസ് കാത്തിരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാന്‍ ഊര്‍ജ്ജിത നീക്കവുമായി പൊലീസ്. രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് നിലപാട്. നേരത്തെ ജ്യാമാപേക്ഷയിലെ കോടതി തീരുമാനം അറിഞ്ഞതിനുശേഷമാകും പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം വരെ പൊലീസ് കാത്തിരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
എല്ലാ ജില്ലകളിലും അന്വേഷണം ഊര്‍ജ്ജിതമാക്കും. കേസില്‍ കൂടുതല്‍ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് നീക്കം. പരാതിക്കാരിക്കെതിരെ ഇന്നലെ ജില്ലാ കോടതിയില്‍ സീല്‍ഡ് കവറില്‍ രാഹുല്‍ തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം, ഇന്നലെ വഞ്ചിയൂര്‍ കോടതിക്ക് സമീപമുള്ള വക്കീല്‍ ഓഫീസില്‍ രാഹുല്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്തിയിരുന്നു. വഞ്ചിയൂരിലെ ഓഫീസില്‍ രാഹുല്‍ വന്നുവെന്ന് അഭിഭാഷകന്‍ ശാസ്തമംഗലം അജിത്കുമാര്‍ പറഞ്ഞു. രാഹുല്‍ നേരിട്ടെത്തി വക്കാലത്തില്‍ ഒപ്പിട്ടെന്നാണ് അഭിഭാഷകന്റെ അവകാശവാദം. എന്നാല്‍ രാഹുല്‍ തിരുവനന്തപുരത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് തള്ളുകയാണ്.
അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നല്‍കിയതോടെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നു. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. ഇടയ്ക്ക് ഓണാക്കിയെങ്കിലും പിന്നീട് അത് ഓഫാക്കി. ഓണാക്കിയപ്പോള്‍ പാലക്കാടാണ് ടവര്‍ ലൊക്കേഷനായി കാണിച്ചത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഫോണ്‍ പാലക്കാട് വച്ചിട്ടുണ്ടാകാമെന്നാണ് സംശയം. രാഹുലിന്റെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഫോണും ഓഫാണ്. എംഎല്‍എ ഓഫീസിലും, അടൂരിലെ വീട്ടിലും രാഹുല്‍ എത്തിയിട്ടില്ല.
കോണ്‍ഗ്രസ് കരുതലില്‍
രാഹുലിനെതിരായ കേസ് രാഷ്ട്രീയമായി ബാധിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ജാഗ്രതയിലാണ്. രാഹുലിനെ പിന്തുണച്ചുകൊണ്ട് നേതാക്കള്‍ നിലപാട് എടുക്കരുതെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. രാഹുലിനെ പുറത്താക്കുന്നത് ഇപ്പോള്‍ പാര്‍ട്ടിയുടെ ആലോചനയിലില്ലെന്നാണ് സൂചന.