Ramesh Chennithala: അടുത്ത സ്‌റ്റോപ്പ് ഗുരുവായൂര്‍? രമേശ് ചെന്നിത്തല തിരുവനന്തപുരം വിട്ടു? കടുത്ത അതൃപ്തി
Ramesh Chennithala Expresses Deep Dissatisfaction : മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല തിരുവനന്തപുരം വിട്ടു. അദ്ദേഹം ഗുരുവായൂരിലേക്കാണ് പോകുന്നതെന്നാണ് സൂചന. നാളെയാണ് ഇടവം ആരംഭിക്കുന്നത്

രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല തിരുവനന്തപുരം വിട്ടു. അദ്ദേഹം ഗുരുവായൂരിലേക്കാണ് പോകുന്നതെന്നാണ് സൂചന. നാളെയാണ് ഇടവം ആരംഭിക്കുന്നത്. ഇതുംകൂടി കണക്കിലെടുത്താണ് അദ്ദേഹം ഗുരുവായൂരിലേക്ക് പുറപ്പെട്ടതെന്നാണ് അനൗദ്യോഗിക സൂചന. ഇതോടെ നിയമസഭ കക്ഷിയോഗത്തില്‍ ചെന്നിത്തല പങ്കെടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
ഒരു സമവായ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ പേര് പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ ചെന്നിത്തല വിഭാഗം. സീനിയോറിറ്റിയും തുണയ്ക്കുമെന്ന് വിചാരിച്ചു. കെസി വേണുഗോപാല്‍-വിഡി സതീശന്‍ ക്യാമ്പുകള്‍ പരസ്യപ്രതിഷേധം ഉയര്‍ത്തുമ്പോള്‍ ഏറെക്കുറെ നിശബ്ദമായിരുന്നു ചെന്നിത്തല വിഭാഗം. പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കാത്ത നിലപാടിന് അംഗീകാരമായി മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവര്‍ കരുതി. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടായിരുന്നു എഐസിസി സതീശന്റെ പേര് പ്രഖ്യാപിച്ചത്.
കടുത്ത നിലപാടിലേക്ക്?
അനുനയ നീക്കത്തിന്റെ ഭാഗമായി എഐസിസി നേതൃത്വം ചെന്നിത്തലയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വൈകാരികമായായാണ് ചെന്നിത്തല പ്രതികരിച്ചതെന്നാണ് വിവരം. കഴിഞ്ഞ തവണ കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണച്ചിട്ടും തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മാറ്റിയതടക്കമുള്ള വിഷയങ്ങള്‍ വരെ അദ്ദേഹം ഉന്നയിച്ചു. പാര്‍ട്ടി തന്നോട് നീതികേട് കാണിച്ചെന്ന് അദ്ദേഹം നേതൃത്വത്തോട് തുറന്നടിച്ചെന്നാണ് സൂചന. വിഡി സതീശന്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാട് ചെന്നിത്തല സ്വീകരിച്ചേക്കുമെന്നാണ് സൂചന. അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചെന്ന നിലപാടിലാണ് അദ്ദേഹം.
മാധ്യമങ്ങളും അറിഞ്ഞില്ല
മുഖ്യമന്ത്രി ആരാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ അദ്ദേഹം തിരുവനന്തപുരം വഴുതക്കാടുള്ള വസതിയിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അവിടെ നിന്നു പോയത് വീടിനു ചുറ്റും കാത്തുനിന്നിരുന്ന മാധ്യമങ്ങള്‍ പോലും അറിഞ്ഞില്ല. രമേശ് ചെന്നിത്തല വീട്ടില്‍ ഇല്ലെന്ന് നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാല അടക്കമുള്ള നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്.
വീടിന്റെ പിന്‍വശത്തുകൂടി അദ്ദേഹം പോയിരിക്കാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, ടിജെ വിനോദ് എന്നിവര്‍ രാവിലെ മുതല്‍ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്ന. എന്നാല്‍ ചെന്നിത്തല അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേതാക്കള്‍ നിഷേധിച്ചു.
ചെന്നിത്തല എന്റെ നേതാവ്
തന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും വലിയ പിന്തുണ നല്‍കിയെന്നും സതീശന്‍ പ്രതികരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ വലിയ ഉത്തരവാദിത്തമാണ് ഏല്‍പിച്ചത്. നേതൃത്വത്തിന് നന്ദി പറയുന്നു. കഠിനാധ്വാനം ചെയ്ത യുഡിഎഫ് പ്രവര്‍ത്തകരും, നേതാക്കളുമാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. കേരളത്തിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പിച്ചത്. ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തുതീര്‍ക്കും. പുതിയ യുഗത്തിന് തുടക്കമിടാന്‍ എല്ലാവരും കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
English Summary
Ramesh Chennithala is deeply upset after being overlooked for the Chief Minister post. He will likely skip the legislative party meeting. The senior leader told AICC leadership that the party has treated him unfairly. Chennithala may refuse to join the new cabinet under V.D. Satheesan’s leadership.