Rapper vedan : വേടനു ‘പോലും’ അവാർഡ് കിട്ടി, വിവാദത്തിനു പിന്നാലെ തിരുത്തുമായി മന്ത്രി
Rapper Vedan kerala film award: സിനിമയിൽ കുട്ടികൾക്ക് ക്രിയേറ്റീവ് പ്രാധാന്യം നൽകണമെന്ന് സിനിമാ മേഖലയിലുള്ളവരോട് ആവശ്യപ്പെടും. സർക്കാർ സഹായം ആവശ്യമെങ്കിൽ അത് നൽകും.
കോഴിക്കോട്: റാപ്പർ വേടന് സിനിമ അവാർഡ് ലഭിച്ചതിനെക്കുറിച്ച് പൊതുപരിപാടിയിൽ നടത്തിയ പരാമർശം സാംസ്കാരിക മന്ത്രി സജി ചെറിയാനെ വെട്ടിലാക്കി. ‘വേടനുപോലും സിനിമ അവാർഡ് കിട്ടി’ എന്നായിരുന്നു മന്ത്രിയുടെ പ്രയോഗം. എന്നാൽ, പ്രസംഗത്തിനുശേഷം ഉടൻ തന്നെ മന്ത്രി മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരണവുമായി എത്തി.
മന്ത്രിയുടെ പ്രസംഗത്തിനിടെ, സാംസ്കാരിക വകുപ്പിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടെയാണ് ‘ഇപ്രാവശ്യം വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു’ എന്ന പരാമർശം നടത്തിയത്. പ്രസംഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുമ്പോൾ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചതോടെയാണ് മന്ത്രി തിരുത്തിയത്. ‘പോലും’ ഒഴിവാക്കണം: “താൻ പറഞ്ഞ ‘പോലും’ എന്ന പ്രയോഗം വളച്ചൊടിച്ച് വിവാദമാക്കരുത്.
“ശ്രീകുമാരൻ തമ്പി സാറിനെപ്പോലെ ഒരുപാട് പ്രഗത്ഭരായ എഴുത്തുകാരുള്ള നാട്ടിൽ, ഗാനരചയിതാവല്ലാത്ത ഒരാൾ കവിതയെഴുതി അവാർഡിനായി വന്നപ്പോൾ ജൂറി അത് സ്വീകരിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത്. അത് ആ അർഥത്തിൽ കാണണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്.”
അഞ്ചു വർഷമായി പരാതികളില്ലാതെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകുന്നത് എന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ സിനിമയും അവാർഡും
സംസ്ഥാന ചലച്ചിത്ര അവാർഡിൽ കുട്ടികളുടെ സിനിമയെ പരിഗണിക്കാത്തതിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കും മന്ത്രി വിശദീകരണം നൽകി. കുട്ടികളുടെ നാല് സിനിമകൾ പരിഗണിച്ചിരുന്നു. അതിൽ രണ്ടെണ്ണം അന്തിമ പട്ടികയിൽ വരികയും ചെയ്തു. എങ്കിലും, അവാർഡ് നൽകാനുള്ള സർഗാത്മകത ജൂറിക്ക് ഈ സിനിമകളിൽ കാണാൻ കഴിഞ്ഞില്ല. ഇക്കാര്യം ജൂറിയോട് ചോദിച്ചിരുന്നു.
സിനിമയിൽ കുട്ടികൾക്ക് ക്രിയേറ്റീവ് പ്രാധാന്യം നൽകണമെന്ന് സിനിമാ മേഖലയിലുള്ളവരോട് ആവശ്യപ്പെടും. സർക്കാർ സഹായം ആവശ്യമെങ്കിൽ അത് നൽകും. അടുത്ത തവണ കുട്ടികൾക്ക് അവാർഡ് നൽകും എന്ന ഉറപ്പും മന്ത്രി നൽകി. കുട്ടികളുടെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്യാൻ ഉടൻ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.