Sabarimala: സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു; കോടതി അനുമതി കിട്ടും വരെ സ്ട്രോങ്റൂമിൽ
Sabarimala Dwarapalaka idol: കോടതി അനുമതിയില്ലാതെ കൊണ്ടുപോയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് അന്വേഷണത്തിന് ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തി.
പത്തനംതിട്ട: അറ്റക്കുറ്റപണികൾക്കായി കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി കിട്ടിയ ശേഷം ശില്പങ്ങളിൽ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അതുവരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കാനാണ് ദേവസ്വം അധികൃതരുടെ തീരുമാനം.
ഓണക്കാല പൂജ കഴിഞ്ഞ് നടയടച്ച കഴിഞ്ഞ ഏഴാം തീയതിയാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ ചെമ്പു പാളികൾ അറ്റകുറ്റപ്പണിക്ക് വേണ്ടി ചെന്നൈയിലേ കമ്പനിയിലേക്കാണ് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്. കോടതി അനുമതിയില്ലാതെ കൊണ്ടുപോയത് വലിയ വിവാദങ്ങൾക്ക് കാരണമായി. തുടർന്ന് കോടതി ഇടപ്പെട്ട്, അന്വേഷണത്തിന് ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തി.
ALSO READ: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പന്തളം കൊട്ടാരത്തിൽ നിന്ന് ആരുമെത്തില്ല
2019 ൽ സ്വർണ്ണപ്പാളി സ്ഥാപിച്ചതിലും തൂക്കം കുറഞ്ഞതിലുമടക്കം കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അറ്റകുറ്റപ്പണി നടത്തിയശേഷം സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി ഒരുമാസത്തിന് ശേഷമാണ് സ്വർണപ്പാളികൾ തിരികെ എത്തിച്ചത്. കേടുപാടുകളെ തുടർന്ന് വീണ്ടും സ്വർണ്ണം പൂശിയിട്ടുണ്ട്.
അതേസമയം, തന്ത്രിയുടെ ആഞ്ജ അനുസരിച്ച്, ശുദ്ധികലശംചെയ്ത് പ്രത്യേക പൂജകളോടെയായിരിക്കും സ്വർണ്ണപ്പാളി തിരികെ സന്നിധാനത്ത് സ്ഥാപിക്കുന്നത്. കന്നിമാസ പൂജ പൂർത്തിയാക്കി രാത്രി നടയടച്ചാൽ ഒക്ടോബർ 16 ന് തുലാമാസ പൂജയ്ക്കായാണ് വീണ്ടും നട തുറക്കുന്നത്. ആ സമയത്ത് പുനസ്ഥാപിക്കൽ നടത്തുമെന്നാണ് സൂചന.