Sabarimala Gold Plating Controversy: ശബരിമലയിലെ സ്‌ട്രോങ് റൂം പരിശോധന ഇന്ന്; സ്വര്‍ണപാളി വിവാദത്തില്‍ ഇനി നിര്‍ണായക ദിനങ്ങള്‍
Sabarimala Gold Plating Case Strong Room Inspection: പരിശോധനയ്ക്കായി ജസ്റ്റിസ് കെടി ശങ്കരന്‍ ഇന്നലെ പമ്പയിലെത്തിയിരുന്നു. ദ്വാരപാല പാളികളുടെ പരിശോധന നാളെയാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കും. പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
ശബരിമലയിലെ സ്‌ട്രോങ് റൂം പരിശോധന ഇന്ന് നടക്കും. ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരനാണ് പരിശോധന നടത്തുന്നത്. രാവിലെ 11 മണിയോടെ സ്‌ട്രോങ് റൂം തുറക്കും. പരിശോധനയ്ക്കായി ജസ്റ്റിസ് കെടി ശങ്കരന്‍ ഇന്നലെ പമ്പയിലെത്തിയിരുന്നു. ദ്വാരപാല പാളികളുടെ പരിശോധന നാളെയാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുക്കും. പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 474.9 ഗ്രാം സ്വര്‍ണം അപഹരിക്കപ്പെട്ടതായി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ദ്വാരപാലക ശില്‍പപാളികളില്‍ സ്വര്‍ണം പൂശാനാണെന്നും പറഞ്ഞ് ബെംഗളൂരുവിലടക്കം പോറ്റി പണപ്പിരിവ് നടത്തിയെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പോറ്റിയെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിനും സാധ്യതയുണ്ട്. പോറ്റി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
ദേവസ്വം വിജിലന്‍സ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഈ മൊഴിയിലെ വിശദാംശങ്ങളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തും.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ (എസ്‌ഐടി) അന്വേഷണത്തിനായി നിയോഗിച്ചത്. എഡിജിപി എച്ച് വെങ്കിടേഷാണ് എസ്‌ഐടിയെ നയിക്കുന്നത്. എസ്‌ഐടി ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സ്വര്‍ണപാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫിന്റെയും, ബിജെപിയുടെയും നീക്കം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജിയടക്കം ഉന്നയിച്ചുകൊണ്ടാകും പ്രതിഷേധം. സ്വര്‍ണപാളി വിവാദം നിയമസഭയെയും പ്രക്ഷുബ്ദമാക്കിയിരുന്നു.