Sabarimala gold probe: ശബരിമലയിൽ ഉള്ളത് കണക്കില്ലാത്ത സ്വർണമോ? രേഖ പോലും സൂക്ഷിക്കാതെ ദേവസ്വം ബോർഡ്
Sabarimala Gold probe latest update: സ്‌ട്രോങ്‌റൂമിൽ സ്വർണാഭരണങ്ങൾ ഒരു പെട്ടിയിലും സ്വർണനാണയങ്ങൾ ചാക്കിൽ കെട്ടിയ നിലയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. രജിസ്റ്ററുകളിൽ ഒന്നിനെയും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

Sabarimala Gold Issue
കൊച്ചി: ശബരിമലയിലെ സ്വർണപാളികളുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്വർണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഓഫീസർ കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി. സ്വർണപീഠം കണ്ടെത്തിയതിൽ മാത്രമല്ല, ശബരിമലയിലുള്ള സ്വർണത്തിന്റെ കാര്യത്തിൽ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലൻസ് എസ്പി കോടതിയെ അറിയിച്ചിരിക്കുന്നത്.
ശബരിമലയിലെ സ്വർണം സംബന്ധിച്ച വിവരങ്ങൾ തിരുവാഭരണം രജിസ്റ്ററിലാണ് രേഖപ്പെടുത്തേണ്ടത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം ശബരിമലയിലെ സ്‌ട്രോങ്‌റൂം വിശദമായി പരിശോധിച്ചിരുന്നതായും വിജിലൻസ് എസ്പി അറിയിച്ചു. സ്വർണപാളികളുടെയും പീഠത്തിന്റെയും രണ്ടാമതൊരു സെറ്റ് കൂടി ഉണ്ടെന്നും അത് ശബരിമലയിലെ സ്‌ട്രോങ് റൂമിലോ മറ്റോ ഉണ്ടാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്‌ട്രോങ്‌റൂം അടക്കം വിജിലൻസ് പരിശോധിച്ചത്. എന്നാൽ അത്തരത്തിൽ ഒന്നുംതന്നെ സ്‌ട്രോങ്‌റൂമിൽ ഇല്ലായിരുന്നു എന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.
കണക്കുകൾ സൂക്ഷിക്കാത്തെ ചിലവുകളും കാര്യങ്ങളും
1999-ൽ ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലടക്കം സ്വർണപാളികൊണ്ട് പൂശിയതിന് 30 കിലോയിലധികം സ്വർണം ഉപയോഗിച്ചതായാണ് ഏകദേശ കണക്ക്. കൊടിമരത്തിന് സ്വർണം പൂശിയതിന് എത്രമാത്രം സ്വർണം ചെലവായി, ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളുടെ മൂല്യം എത്രയാണ് എന്നതടക്കം ഒരുകാര്യത്തിലും, പ്രത്യേകിച്ച് സ്വർണത്തിന്റെ കാര്യത്തിൽ കൃത്യമായ ഒരു കണക്കും ഇല്ലാ എന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.
സ്‌ട്രോങ്‌റൂമിൽ സ്വർണാഭരണങ്ങൾ ഒരു പെട്ടിയിലും സ്വർണനാണയങ്ങൾ ചാക്കിൽ കെട്ടിയ നിലയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. രജിസ്റ്ററുകളിൽ ഒന്നിനെയും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ശബരിമലയിലുള്ള വസ്തുക്കളെ സംബന്ധിച്ച ഒരു കണക്കുകളും വിവരങ്ങളും രജിസ്റ്ററുകളിൽ ലഭ്യമല്ല എന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിൽ ശബരിമലയിലെ സ്വർണത്തിന്റെയടക്കം മൂല്യ നിർണയത്തിനായി ഒരു റിട്ടയേർഡ് ജില്ലാ ജഡ്ജിയെ നിയമിക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുകയാണ്. ശബരിമലയിലെ കെടുകാര്യസ്ഥതയെ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അടക്കമുള്ള പങ്ക് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ദ്വാരപാലക പീഠത്തിന്റെയും സ്വർണപാളികളുടെയും വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മാത്രമല്ല ദേവസ്വം ഉദ്യോഗസ്ഥരുടെ അടക്കം പങ്ക് അന്വേഷിക്കാനാണ് കോടതിയുടെ നിർദേശം.