Sabarimala Gold Scam: കുറ്റപത്രം എന്ന് സമര്‍പ്പിക്കും? എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തുടരുന്നു
Sabarimala Gold Scam SIT Investigation: സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം അനുവദിക്കാന്‍ ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം അനുവദിക്കാന്‍ ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. നേരത്തെ പ്രതികളിലൊരാളായ മുരാരി ബാബു സ്വഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഒരു കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സ്വഭാവിക ജാമ്യം ലഭിച്ചു.
അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വഭാവിക ജാമ്യത്തിന് സാധ്യതയുണ്ട്. ഇതേക്കുറിച്ചായിരുന്നു കോടതിയുടെ ചോദ്യവും വിമര്‍ശനവും. കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷയില്‍ പിന്നീട് വിധി പറയും. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
പ്രശാന്തിനെ ചോദ്യം ചെയ്തു
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ വീണ്ടും എസ്‌ഐടി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഈ മാസം 24 നാണ് പ്രശാന്തിന്റെ മൊഴിയെടുത്തത്. പ്രശാന്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍, യാത്രാവിവരങ്ങള്‍ തുടങ്ങിയവ എസ്‌ഐടി ശേഖരിച്ചതായാണ് വിവരം. തിരുവനന്തപുരത്തെ പൊലീസ് ക്ലബില്‍ വച്ചാണ് പ്രശാന്തിന്റെ മൊഴിയെടുത്തത്.
ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുകയായിരുന്നു എസ്‌ഐടിയുടെ ലക്ഷ്യം. താന്‍ നേതൃത്വം നല്‍കിയ ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാന്‍ ശ്രമം നടക്കുന്നതായി പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു. അതിനിടെ, ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റായ എ പത്മകുമാറിന്റെ റിമാന്‍ഡ് വീണ്ടും നീട്ടി. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് പത്മകുമാറിനെ റിമാന്‍ഡ് ചെയ്തത്.