AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Unnikrishnan Potty: കീഴ്ശാന്തിയുടെ സഹായിയായി തുടക്കം, ദേവസ്വം ബോർഡിന്റെ അടുത്ത ആൾ; ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി?

Who Is Unnikrishnan Potty? കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ചുരുങ്ങിയ കാലയളവിൽ തന്നെ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി പോറ്റി മാറി.

Unnikrishnan Potty:  കീഴ്ശാന്തിയുടെ സഹായിയായി തുടക്കം, ദേവസ്വം ബോർഡിന്റെ അടുത്ത ആൾ; ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി?
Unni Krishnan Potti
sarika-kp
Sarika KP | Updated On: 17 Oct 2025 13:19 PM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ആദ്യം മുതൽ പ്രതിസ്ഥാനത്ത് നിറഞ്ഞു നിന്നയാളാണ് ഉണ്ണികൃഷ്ണൻ പോറ്റി. ദ്വാരപാലക ശിൽപ്പത്തിൻ്റെ പീഠം കാണാനില്ലെന്ന് ആരോപിച്ചായിരുന്നു പോറ്റിയുടെ രംഗപ്രവേശം. ഇത് പിന്നീട് പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതോടെയാണ് തട്ടിപ്പുകളുടെ പരമ്പര പുറം ലോകം അറിഞ്ഞുതുടങ്ങിയത്. ഇതാണ് ഇപ്പോൾ അറസ്റ്റിലേക്ക് എത്തിനിൽക്കുന്നത്.

ഇന്നലെയായിരുന്നു കേസിൽ സ്പോൺസർ വേഷം കെട്ടി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തത്. പുലർച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്ത പോറ്റിയെ പത്ത് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇതോടെ പ്രതിസ്ഥാനത്തുള്ള ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് നോക്കാം.

ആരാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി

തിരുവനന്തപുരം കിളിമാനൂരിന് സമീപം പുളിമാത്താണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വദേശം. പുളിമാത്ത് ദേവീക്ഷേത്രത്തിലെ പൂജാരിയായിരുന്ന പിതാവിനെ സഹായിച്ചായിരുന്നു പോറ്റിയുടെ തുടക്കം. ഇവിടെ നിന്ന് ബെം​ഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിൽ ജോലിക്കായി പോയി. തുടർന്ന് ഒരു അയ്യപ്പക്ഷേത്രത്തിൽ പൂജാരിയായി സേവനമനുഷ്ഠിച്ചു. ഇതിന്റെ പരിചയവുമായാണ് 2007ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ചുരുങ്ങിയ കാലയളവിൽ തന്നെ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി പോറ്റി മാറി.

Also Read:‘സ്വര്‍ണം ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കി’; സ്വ‍ർണപ്പാളി കേസിൽ പോറ്റിയുടെ നിര്‍ണായക മൊഴി

ഇവിടെയെത്തിയ പോറ്റി സമ്പന്നരായ ഭക്തരുടെ വിശ്വസ്തനായി മാറി. ഇവരുടെ വഴിപാടുകളും പൂജകളും സമർപ്പണങ്ങളും പോറ്റി വഴിയായി. കർണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായും പോറ്റി മാറി. ഇതോടെ യാതൊരു സ്ഥിര വരുമാനവുമില്ലാത്ത പോറ്റി സമ്പന്നനായത് അതിവേഗമായിരുന്നു. ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് പോറ്റി നൽകിയത്.

ശബരിമലയ്ക്ക് നൽകിയത് ലക്ഷങ്ങളുടെ സംഭാവന

ആദ്യം ശബരിമലയിൽ സ്വർണം പൊതിഞ്ഞ വാതിൽ മാറ്റി പുതിയ വാതിൽ നിർമ്മിച്ച് സ്വർണം പൂശി നൽകി. ഇത് സപോൺസർ ചെയ്തത് ബെല്ലാരി സ്വദേശി ഗോവർധൻ ആയിരുന്നു. എന്നാൽ ഇതിനു നേതൃത്വം നൽകിയത് പോറ്റിയായിരുന്നു. പിന്നാലെ 2017-ൽ ക്ഷേത്ര അലങ്കാരം, പടിപൂജ, ഉദയാസ്മന പൂജ, മേളം എന്നിവ പോറ്റി നടത്തി. ഈ വർഷം തന്നെ 8.2 ലക്ഷം രൂപയുടെ രൂപയുടെ ചെക്കും 17 ടൺ അരിയും 30 ടൺ പച്ചക്കറിയും പോറ്റി സംഭാവന നൽകി. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാനായി പത്ത് ലക്ഷം രൂപ സംഭാവന നൽകി.

ശബരിമലയിലെ പതിനെട്ടാം പടിക്ക് മണിമണ്ഡപം നിർമ്മിച്ച് നൽകുകയും ഇവിടേക്കായി മണികൾ നിർമ്മിച്ച് നൽകുകയും ചെയ്തു. ഈ വർഷം ജനുവരിയിൽ അന്നദാനത്തിനായി ആറ് ലക്ഷം രൂപ നൽകി. കഴിഞ്ഞ മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപയും ഉണ്ണിക്കൃഷ്ണൻ പോറ്റി സംഭാവന നൽകി. ഇത് കൂടാതെ ചെറുതും വലുതുമായ പല പ്രവർത്തികളും വഴിപാടുകളും നടത്തി. പലതിന്റെയും യഥാർത്ഥ സ്പോൺസർമാർ മറ്റ് വ്യക്തികൾ ആയിരുന്നെങ്കിലും എല്ലാത്തിനും നേതൃത്വം പോറ്റിക്കായിരുന്നു.

പോറ്റി അറസ്റ്റിലായത് എന്തിനാണ് ?

ശബരിമലയിൽ 1999-ൽ വിജയ് മല്യ വഴിപാടായി ചാർത്തിയ 24 കാരറ്റ് തനി തങ്കത്തിൽ 474.99 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റി അപഹരിച്ചുവെന്നാണ് കണ്ടെത്തൽ. ഇതിനായി വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നു.