A Padmakumar Arrest: ചെമ്പു പാളി എന്ന് ദേവസ്വം മിനുട്സിൽ എഴുതിയത് പത്മകുമാർ; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ
A Padmakumar Arrest: നടപടിക്രമങ്ങൾ മറികടന്ന് സ്പോൺസറായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പത്മകുമാർ സഹായിച്ചതായും റിപ്പോർട്ട്.സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടു പോകാൻ ഗൂഡാലോചന നടത്തി. കൂടാതെ....
ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് . ചെമ്പു പാളി എന്ന് ദേവസ്വം ബോർഡ് മിനുട്സിൽ സ്വന്തം കൈപ്പടയിൽ എഴുതിയത് അന്ന് പത്മകുമാർ ആയിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. നടപടിക്രമങ്ങൾ മറികടന്ന് സ്പോൺസറായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പത്മകുമാർ സഹായിച്ചതായും 24 റിപ്പോർട്ട് ചെയ്തു.
സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടു പോകാൻ ഗൂഡാലോചന നടത്തി. കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് ജീവനക്കാരുടെ മേൽ നിയന്ത്രണം ഉണ്ടായിരിക്കെ മരാമത്ത് പ്രൊസീജ്യർ മറികടന്ന് ക്ഷേത്രത്തിലെ മുതൽ മരാമത്തിനായി ക്ഷേത്ര പരിസരത്തിന് പുറത്തുകൊണ്ടുപോകാൻ പാടില്ല എന്ന് ദേവസ്വം മാനുവൽ വ്യവസ്ഥ ഉണ്ടായിരുന്നിട്ടുകൂടി അതും മറികടന്ന് മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.
2019 മാർച്ചിൽ എ പത്മകുമാറിന്റെ അധ്യക്ഷതയിൽ ചേരാൻ തീരുമാനിച്ച ബോർഡ് യോഗത്തിന്റെ അജണ്ട നോട്ടീസിൽ സ്വന്തം കൈപ്പടയിൽ സ്വർണ്ണം പതിച്ച ചെമ്പുപാളികൾ എന്നതിന് പകരം ചെമ്പുപാളികൾ എന്ന് മാത്രം എഴുതി ചേർത്തതാണെന്നാണ് സൂചന.
ALSO READ: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം വെട്ടില്‍; പത്മകുമാറിന്റെ അറസ്റ്റ് കനത്ത തിരിച്ചടി
കൂടാതെ ഇതിന്റെ അടിസ്ഥാനത്തിൽ സ്വർണം പൂശി തിരികെ കൊണ്ടുവരുന്നതിന് ബോർഡ് അനുവാദം നൽകുകയും ഇതിലൂടെ ഒന്നാം പ്രതിയുടെ കൈവശം സ്വർണം പൂശിയ ചെമ്പുപാളികൾ എത്തിച്ചേരുന്നതിനും സ്വർണ്ണം കവർന്നതിനും അതിന് സഹായങ്ങൾ ചെയ്തു നൽകിയതായും റിപ്പോർട്ട്. ഇത് സംബന്ധിച്ച തെളിവുകളും ലഭിച്ചതായാണ് സൂചന. അതേസമയം ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട പത്മകുമാർ അറസ്റ്റിൽ ആയതോടെ സിപിഎമ്മിന് കൂടുതൽ കുരുക്കുകൾ ഉണ്ടായിരിക്കുകയാണ്. ഇത്തരത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാർ ആണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.