Sabarimala Mandala Kalam 2025-26: ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ സത്വര നടപടികള്‍; സ്‌പോട്ട് ബുക്കിങ് കുറച്ചു; എന്‍ഡിആര്‍എഫ് ഉടനെത്തുമെന്ന് പ്രതീക്ഷ
Spot bookings reduced at Sabarimala: ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് സ്‌പോട്ട് ബുക്കിങ് 20,000 ആയി കുറയ്ക്കാന്‍ തീരുമാനം. അടുത്ത ദിവസം മുതല്‍ പ്രാബല്യത്തിലാകും. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പിറ്റേ ദിവസം ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും
പത്തനംതിട്ട: ശബരിമലയിലെ അമിത തിരക്ക് കണക്കിലെടുത്ത് സ്‌പോട്ട് ബുക്കിങ് 20,000 ആയി കുറയ്ക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അടുത്ത ദിവസം മുതല്‍ ഇത് പ്രാബല്യത്തിലാകും. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പിറ്റേ ദിവസം ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനാണ് നീക്കം. ഭക്തരെ ഒരുമിച്ച് പമ്പയില്‍ നിന്നു കടത്തിവിടുന്നതും തിരക്ക് കൂടാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. ഇതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കാനാണ് നീക്കം. ക്യൂ കോംപ്ലക്‌സുകള്‍ ഭക്തര്‍ ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ക്യൂ കോംപ്ലക്‌സുകളിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്‌സുകള്‍ ഭക്തര്‍ ഉപയോഗിക്കുന്നതിനായി അനൗണ്‍സ്‌മെന്റുകള്‍ നടത്താനും നീക്കമുണ്ട്. വരിനില്‍ക്കുന്നതിലെ മുന്‍ഗണന നഷ്ടമാകുമോയെന്ന് ആശങ്കപ്പെട്ടാണ് ക്യൂ കോംപ്ലക്‌സുകളില്‍ വിശ്രമിക്കാന്‍ ഭക്തര്‍ മടിക്കുന്നത്. എന്നാല്‍ ക്യൂ കോംപ്ലക്‌സുകളില്‍ വിശ്രമിക്കുന്നവര്‍ക്ക് മുന്‍ഗണന നഷ്ടമാകാതിരിക്കാന്‍ സൗകര്യമൊരുക്കും. ഇതിനൊപ്പം ഇത്തരം കോംപ്ലക്‌സുകളില്‍ കുടിവെള്ളം, ബിസ്‌കറ്റ്, ചുക്കുകാപ്പി എന്നിവയും നല്‍കും.
ഭക്തര്‍ക്ക് നിലയ്ക്കലില്‍ തങ്ങാന്‍ സൗകര്യമേര്‍പ്പെടുത്താനും തീരുമാനമായി. പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തര്‍ എത്തിയതാണ് അമിത തിരക്കിന് ഇടയാക്കിയത്. ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും ഏകോപനത്തിലും പാളിച്ചയുണ്ടായി. എന്‍ഡിആര്‍എഫ് എത്താത്തതും തിരിച്ചടിയായി. എന്‍ഡിആര്‍എഫ് ഇന്നലെ എത്തുമെന്നാണ് കരുതിയത്. കേന്ദ്രസേന ഇന്ന് വരുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
കൗണ്ടറുകള്‍ വര്‍ധിപ്പിക്കും
സ്‌പോട്ട് ബുക്കിങിന് ഏഴ് കൗണ്ടറുകള്‍ കൂടി സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പതിനെട്ടാംപടിക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികളും പ്രായമായവരുമടക്കം ഏറെ വലഞ്ഞു. പൊലീസിന്റെ നിയന്ത്രണം പാളി. ബാരിക്കേഡുകള്‍ മറികടക്കാന്‍ തീര്‍ത്ഥാടകര്‍ സ്ഥാപിച്ചതും തിരക്ക് വര്‍ധിപ്പിച്ചു.
കുഴഞ്ഞുവീണ് ഭക്തര്‍
നിരവധി ഭക്തരാണ് കുഴഞ്ഞുവീണത്. കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. മണിക്കൂറുകളോളം നിന്നതിന് ശേഷമാണ് പലര്‍ക്കും ദര്‍ശനം സാധ്യമായത്. തിരക്ക് കാരണം പലവഴികളിലൂടെ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിനാല്‍ പതിനെട്ടാം പടി ചിലര്‍ക്ക് ചവിട്ടാനായില്ല. അനിയന്ത്രിതമായ തിരക്ക് കാരണം ചില ഭക്തര്‍ ദര്‍ശനം നടത്താതെ മടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.